കരസേനാ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവെച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗുരുദ്വാരയില്‍ കയറാന്‍ വിസമ്മതിച്ച കരസേനാ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സൈന്യത്തിന്റെ നടപടി സുപ്രീം കോടതി ശരിവെച്ചു. പിരിച്ചുവിട്ട നടപടിക്കെതിരേ ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജി തള്ളി. ഇയാള്‍ക്കെതിരേ കോടതി കടുത്ത വിമർശവും നടത്തി.
2021-ല്‍ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് ലഫ്റ്റനന്റായിരുന്ന സാമുവല്‍ കമലേശനെ പെന്‍ഷനും ഗ്രാറ്റുവിറ്റിയും ഇല്ലാതെ സൈന്യത്തില്‍നിന്ന് പിരിച്ചുവിട്ടത്. ഗുരുദ്വാരയില്‍ എത്താനുള്ള കമാന്‍ഡിങ് ഓഫീസറുടെ നിര്‍ദേശം നിരസിക്കുകയായിരുന്നു. വിശ്വാസത്തിന്റെ പേരിൽ റെജിമെന്റൽ പരേഡിൽ നിന്ന് വിട്ട് നിന്നതിനെ ന്യായീകരിക്കയും ചെയ്തു.
സൈന്യം ഒരു മതേതര സ്ഥാപനമാണെന്നും അതിന്റെ അച്ചടക്കത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. മികച്ച അച്ചടക്കം പാലിക്കേണ്ട സൈനിക ഉദ്യോഗസ്ഥന്‍ ഇതിലൂടെ മുന്നോട്ട് വയ്ക്കുന്ന സന്ദേശം എന്താണെന്ന് കോടതി ചോദിച്ചു.
ഹർജിക്കാരന്റെ പെരുമാറ്റം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ചു, "നിങ്ങൾ 100 കാര്യങ്ങളിൽ മികച്ചവരായിരിക്കാം, പക്ഷേ... ഇന്ത്യൻ സൈന്യം അതിന്റെ മതേതര സമീപനത്തിന് പേരുകേട്ടതാണ്. നിങ്ങൾക്ക് അവിടെ അച്ചടക്കം പാലിക്കാൻ കഴിയാത്തപ്പോൾ... നിങ്ങളുടെ സ്വന്തം സൈനികരുടെ വികാരങ്ങളെ മാനിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു," സിജെഐ കാന്ത് പറഞ്ഞു.
2021-ല്‍ സൈന്യത്തിൽ നിന്ന് തന്നെ പിരിച്ചുവിട്ട നടപടിക്കെതിരേ സാമുവല്‍ കമലേശൻ കോടതിയെ സമീപിക്കയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പിരിച്ചുവിട്ട നടപടിക്കെതിരേ കമലേശന്‍ ആദ്യം ഡല്‍ഹി ഹൈക്കോടതിയെയാണ് സമീപിച്ചത്. മേയ് മാസത്തില്‍ ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി ഇയാള്‍ക്കെതിരായി സൈന്യം സ്വീകരിച്ച നടപടി ശരിവെച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പിന്നീട് കമലേശന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
പിരിച്ചുവിട്ട നടപടി ശരിവച്ച ഡല്‍ഹി ഹൈക്കോടതിയുടെ 2025 മേയ് മാസത്തിലെ ഉത്തരവ് ബെഞ്ച് ശരിവെച്ചു.









0 comments