സോഫിയ ഖുറേഷിക്ക് നേരെ അധിക്ഷേപ പരാമർശം: ബിജെപി മന്ത്രിക്കെതിരെ കേസ്

ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായ്‌ക്കെതിരെ കേസെടുത്തു. ബുധനാഴ്ച രാത്രി ഇൻഡോർ ജില്ലയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. വിജയ് ഷായ്‌ക്കെതിരെ നാല് മണിക്കൂറിനുള്ളിൽ കേസെടുക്കണമെന്ന് പൊലീസിന് മധ്യപ്രദേശ് ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ബിജെപി മന്ത്രി വിജയ് ഷായ്‌ക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി മോഹൻ യാദവ് എക്‌സിൽ കുറിച്ചു. അതേസമയം, സൈനിക ഉദ്യോഗസ്ഥയ്ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന് വിജയ് ഷാ വീണ്ടും ക്ഷമാപണം നടത്തി. 'സഹോദരി സോഫിയ'യെയും സൈന്യത്തെയും താൻ ബഹുമാനിക്കുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്.
ഇരു വിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്‌ടിക്കൽ, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയും അപകടപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തണം എന്നായിരുന്നു കോടതി നിർദേശം. അപകടകരമായ പ്രവണതയാണിതെന്നും രാജ്യത്തിന്റെ സായുധസേനയെപ്പോലും അധിക്ഷേപിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയെന്നും ജസ്‌റ്റിസുമാരായ അതുൽ ശ്രീധരൻ, അനുരാധ ശുക്ല എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
സെക്ഷൻ152(ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവൃത്തി) , 196 (1) (B) (വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള പരസ്പര ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവൃത്തി), 197 (1) (സി)(വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള പരസ്പര ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു സമുദായത്തിലെ അംഗത്തെക്കുറിച്ച് സംസാരിക്കുന്നു) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.









0 comments