'മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ല'; വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

supreme court on graham staines murder case
വെബ് ഡെസ്ക്

Published on Mar 26, 2025, 10:48 AM | 1 min read

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും, പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബി ആർ ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. അഭിഭാഷക ശോഭ ഗുപ്ത നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി സ്വമേധയ കേസെടുത്തത്.


അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് മനുഷ്യത്വരഹിതവും ഞെട്ടിക്കുന്നതുമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. വിവാദ വിധി പ്രസ്താവിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ നടപടിയേയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. വാദം കേട്ട് നാല് മാസങ്ങൾക്ക് ശേഷമാണ് വിധി പ്രസ്താവം ഉണ്ടായത്. ഏതെങ്കിലും ഒരു നിമിഷത്തിൽ തോന്നിയ വികാരത്തിന്റെ അടിസ്ഥാനത്തിൽ അല്ല ഹൈക്കോടതി ഈ വിവാദ വിധി പുറപ്പെടുവിച്ചതെന്നും ജസ്റ്റിസ് ബി ആർ ഗവായ് ചൂണ്ടിക്കാട്ടി. നിയമത്തിൽ കേട്ട് കേൾവിയില്ലാത്ത നടപടിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായത് എന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.


അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നൽകിയിരുന്ന റിട്ട് ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പി ബി വരാലെ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. കേസുമായി ബന്ധമില്ലാത്തവരാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയിരുന്നത്. ഇതിന് പിന്നാലെയാണ് കേസിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.





deshabhimani section

Related News

View More
0 comments
Sort by

Home