വിധി കേരളത്തിനും ബാധകമാക്കുന്നത്‌ പരിശോധിക്കും: ചീഫ്‌ ജസ്‌റ്റിസ്‌

ഗവർണർ ഭരിക്കേണ്ട ; ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ്‌ വലുത് : സുപ്രീംകോടതി

supreme court statement  on tamilnadu governor
avatar
റിതിൻ പൗലോസ്‌

Published on Apr 09, 2025, 02:26 AM | 2 min read


ന്യൂഡൽഹി : തമിഴ്‌നാട്‌ സർക്കാർ പാസാക്കിയ 10 ബില്ലുകളിൽ വര്‍ഷങ്ങളായി അടയിരുന്ന ഗവർണർ ആർ എൻ രവിയുടെ നടപടി ഭരണഘടനാവിരുദ്ധമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. 10 ബില്ലും പാസായതായും ജസ്‌റ്റിസ്‌ ജെ ബി പർദിവാല, മഹാദേവൻ എന്നിവരുടെ ബെഞ്ച്‌ അസാധാരണ വിധി പുറപ്പെടുവിച്ചു. ഗവർണർ തിരിച്ചയച്ചശേഷം വീണ്ടും സഭ പാസാക്കിയ ദിവസം മുതൽ ബില്ലുകൾ പാസായതായാണ്‌ ഉത്തരവ്. ബില്ലുകളിൽ രാഷ്‌ട്രപതിയുടെ നടപടികളെയും അസാധുവാക്കി. ഭരണഘടനയുടെ 142–-ാം അനുച്ഛേദപ്രകാരം സവിശേഷ അധികാരം ഉപയോഗിച്ചാണ്‌ ഉത്തരവ്‌. ഗവർണർമാരെ ഉപയോഗിച്ച്‌ പ്രതിപക്ഷ സർക്കാരുകളെ തുരങ്കംവയ്‌ക്കുന്ന മോദി സർക്കാരിന്‌ കനത്ത തിരിച്ചടിയാണ്‌ സുപ്രീംകോടതി വിധി. ഫെഡറൽ തത്വങ്ങൾ സംരക്ഷിക്കാനുള്ള നിയമപോരാട്ടത്തില്‍ സുപ്രധാന വഴിത്തിരിവായും സുപ്രീംകോടതി ഉത്തരവ് വിലയിരുത്തപ്പെടുന്നു


സംസ്ഥാനങ്ങളിൽ ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ്‌ വലുതെന്ന്‌ നിരീക്ഷിച്ച കോടതി, ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ മറികടന്നുള്ള ഗവർണർമാരുടെ ഭരണം വേണ്ടെന്നാണ്‌ ഫലത്തിൽ വ്യക്തമാക്കിയത്‌. ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികൾക്ക്‌ ജനക്ഷേമമുറപ്പാക്കാനുള്ള ശേഷിയുണ്ടെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി. പാർലമെന്ററി ജനാധിപത്യത്തോടും ജനഹിതത്തോടും നീതിപുലർത്തി സർക്കാരുകളെ ഉത്തേജിപ്പിക്കുകയാണ്‌ ഗവർണറുടെ ചുമതല, അല്ലാതെ തടസ്സം നിൽക്കുന്നവനാകരുത്‌. മുൻഗാമികൾ ത്യാഗോജ്വല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഭരണഘടനാമൂല്യങ്ങളാണ്‌ അവരെ നയിക്കേണ്ടതെന്നും ഉത്തരവിൽ പറഞ്ഞു.


ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി

ബില്ലുകളിൽ തീരുമാനമെടുക്കാന്‍ ഗവർണർമാർക്ക്‌ സമയക്രമവും സുപ്രീംകോടതി നിശ്ചയിച്ചു. ബില്ലുകൾക്ക്‌ അംഗീകാരം നൽകുക, പിടിച്ചുവയ്‌ക്കുക, രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക്‌ വിടുക എന്നിവയാണ്‌ ​ഗവര്‍ണര്‍ക്ക് ചെയ്യാനാവുക. ഒപ്പിടാതെ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക്‌ വിടുകയാണെങ്കില്‍ ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണം. ഒപ്പിടുന്നില്ലങ്കിൽ മൂന്നുമാസത്തിനുള്ളിൽ സർക്കാരിന്‌ തിരിച്ചയക്കണം. വീണ്ടും സഭ പാസാക്കി അയച്ചാൽ ഒരു മാസത്തിനുള്ളിൽ ഒപ്പിട്ടിരിക്കണം. ഒരേ ബിൽ രണ്ടാമതും രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക്‌ അയക്കാൻ ഗവർണർക്ക്‌ അധികാരമില്ല. രണ്ടാമത്‌ പാസാക്കിയ ബില്ലിൽ മാറ്റമുണ്ടെങ്കിൽ മാത്രമേ അയക്കാനാകൂ. ബില്ലുകളിൽ അടയിരുന്നാൽ ഗവർണറെ ജുഡീഷ്യൽ റിവ്യൂവിന്‌ വിധേയമാക്കും.


വീറ്റോ അധികാരമില്ല

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്‌ രാഷ്ട്രീയകാരണങ്ങൾകൊണ്ട്‌ ​ഗവര്‍ണര്‍ മാർഗതടസ്സം സൃഷ്‌ടിക്കുന്നത്‌ സത്യപ്രതിജ്ഞാ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 200–-ാം അനുച്ഛേദം സമ്പൂർണ്ണ വീറ്റോ, പോക്കറ്റ്‌ വീറ്റോ അധികാരങ്ങൾ ഗവർണർക്ക്‌ നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടി. 2020 മുതൽ പാസാക്കി അയച്ച ബില്ലുകളിൽ അടയിരുന്ന ഗവർണർക്കെതിരെ തമിഴ്‌നാട്‌ സർക്കാർ നൽകിയ ഹർജിയാണ്‌ ചരിത്രവിധിയിലേക്ക്‌ നയിച്ചത്‌. സുപ്രീംകോടതി വിധി ചരിത്രപരമാണെന്നും.

ഈ വലിയ വിജയം തമിഴ്നാടിന് മാത്രമല്ല, എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ഉള്ളതാണെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രതികരിച്ചു.


വിധി കേരളത്തിനും ബാധകമാക്കുന്നത്‌ പരിശോധിക്കും: ചീഫ്‌ ജസ്‌റ്റിസ്‌

തമിഴ്‌നാട്‌ ഗവർണർ ആർ എൻ രവി പിടിച്ചുവച്ച ബില്ലുകൾ പാസാക്കിയ സുപ്രീംകോടതി വിധി കേരളത്തിനും ബാധകമാക്കുന്നത്‌ പരിഗണിക്കുമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ സഞ്ജീവ്‌ ഖന്ന. ജസ്‌റ്റിസ്‌ പർദിവാലയുടെ ബെഞ്ച്‌ വിധി പുറപ്പെടുവിച്ചതിന്‌ പിന്നാലെ കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ സംസ്ഥാനത്തിന്റെ ഹർജി ചീഫ്‌ജസ്‌റ്റീസിന്റെ ബെഞ്ചിൽ പരാമർശിച്ചപ്പോഴായിരുന്നു മറുപടി.


23 മാസമായി ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തില്ലെന്നും തമിഴ്‌നാട്‌ ഗവർണർക്കെതിരെയുള്ള വിധി കേരളത്തിനും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണറായിരുന്ന ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ബില്ലുകളിൽ അടയിരുന്നതിനെതിരെയും രാഷ്‌ട്രപതിക്ക്‌ വിട്ടതിനെതിരെയും സംസ്ഥാനം നൽകിയ ഹർജിയിൽ ചൊവ്വാഴ്‌ച വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടു. വിധി പരിശോധിച്ചിട്ട്‌ തീരുമാനമെടുക്കുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ ഉറപ്പുനൽകി.


വിധി കേരളത്തെ പൂർണമായും ഉൾക്കൊള്ളുന്നതിനാൽ പർദിവാലയുടെ ബെഞ്ചിലേക്ക്‌ ഹർജി മാറ്റണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. കേസ്‌ 13ന്‌ പരിഗണിക്കുമെന്നും വിഷയത്തിൽ ഉത്തരവിടാമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ഉറപ്പുനൽകി.


pinarayi vijayan



deshabhimani section

Related News

View More
0 comments
Sort by

Home