പേ വിഷബാധ സംശയിക്കുന്നതും ആക്രമണകാരികളുമായ നായകളെമാത്രം പിടികൂടി ഷെൽട്ടറിലേക്ക് മാറ്റിയാൽ മതി
വന്ധ്യംകരിച്ച് തിരികെവിടണം ; തെരുവുനായ വിഷയത്തില്‍ ഉത്തരവ് തിരുത്തി സുപ്രീംകോടതി

സുപ്രീംകോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് ഡല്‍ഹി ജന്തര്‍മന്തറില്‍ തെരുവുനായക്ക് മധുരം നല്‍കുന്ന മൃഗസ്നേഹി
ന്യൂഡൽഹി
തെരുവുനായകളെ പിടികൂടി വന്ധ്യംകരിച്ച്, പേവിഷ ബാധയ്‌ക്കെതിരായ വാക്‌സിൻ നൽകി അതേസ്ഥലത്ത് തിരികെവിടണമെന്ന് സുപ്രീംകോടതി. ഡൽഹി രാജ്യതലസ്ഥാന മേഖലയിൽ തെരുവുനായകളെ ഷെൽട്ടർ ഹോമിലടയ്‌ക്കണമെന്ന രണ്ടംഗ ബെഞ്ചിന്റെ ഉത്തരവാണ് തിരുത്തിയത്. ഉത്തരവ് എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജരിയ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പേവിഷബാധയുള്ളതും സംശയിക്കുന്നതും ആക്രമണകാരികളുമായ നായകളെമാത്രം പിടികൂടി ഷെൽട്ടറിലേക്ക് മാറ്റിയാൽ മതി. എബിസി ചട്ടപ്രകാരം നായകളെ പിടികൂടുന്നത് തടയുന്ന മൃഗസ്‌നേഹികൾ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും സുപ്രീംകോടതി ആവർത്തിച്ചു.
അതേസമയം നായകൾക്ക് തെരുവുകളിലും പൊതുസ്ഥലത്തും ഭക്ഷണം നൽകുന്നത് കോടതി വിലക്കി. സാധാരണക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഒരു സാഹചര്യത്തിലും തെരുവുകളിൽ നായകൾക്ക് ഭക്ഷണം നൽകരുത്. എല്ലാ മുനിസിപ്പൽ വാർഡിലും അധികൃതർ ഇതിനായി പ്രത്യേക ഇടം കണ്ടെത്തണം. മൃഗസ്‌നേഹികൾക്ക് തെരുവുനായകളെ ദത്തെടുക്കാൻ പഞ്ചായത്തുകളിൽ അപേക്ഷനൽകാം. ഇൗ നായകൾക്ക് ടാഗ് നൽകണം. എല്ലാ ഉത്തരവാദിത്തവും ഉടമയ്‌ക്കായിരിക്കും. എബിസി ചട്ടങ്ങൾ പാലിക്കുമെന്ന് കോർപറേഷൻ, മൃഗസ്‌നേഹികൾ, വെറ്ററിനറി ഡോക്‌ടർമാർ, നായകളെ പിടികൂടാൻ ചുമതലപ്പെട്ടവർ തുടങ്ങിയവർ സത്യവാങ്‌മൂലം നൽകണം. എബിസി ചട്ടംപാലിച്ചതിന്റെ വിവരം സംസ്ഥാനങ്ങൾ നൽകണം. തെരുവുനായ പ്രശ്‌നത്തിൽ വിശദമായ ദേശീയ ചട്ടക്കൂട് രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി. ഹർജിയുമായി കോടതിയിലെത്തിയ എല്ലാ സർക്കാരിതര സംഘടനകളും മൃഗസ്‌നേഹികളും രണ്ടുലക്ഷം രൂപവരെ കെട്ടിവക്കാനും നിർദേശിച്ചിട്ടുണ്ട്.









0 comments