സുപ്രീംകോടതി വിധി ; പുനരധിവാസം വീടും ജീവനോപാധിയും നഷ്‌ടപ്പെട്ടവർക്ക് മാത്രം

ന്യൂഡൽഹി
പൊതു ആവശ്യങ്ങൾക്ക് ഭൂമിയേറ്റെടുക്കുമ്പോൾ വീടും ജീവനോപാധിയും നഷ്‌ടപ്പെടുന്നവരെ മാത്രം പുനരധിവസിപ്പിച്ചാൽ മതിയെന്ന് സുപ്രീംകോടതി. ഭൂമി ഏറ്റെടുക്കുമ്പോൾ ചട്ടപ്രകാരമുള്ള നഷ്‌ടപരിഹാരത്തുകയ്‌ക്ക് എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, ഭൂമി ഏറ്റെടുക്കലിൽ വീടും ജീവനോപാധിയും നഷ്‌ടപ്പെടുന്നവർക്ക് മാത്രമേ പുനരധിവാസത്തിന് അർഹതയുണ്ടായിരിക്കൂ.
അപൂർവങ്ങളിൽ അപൂർവമായി മാത്രമേ പുനരവധിവാസ പദ്ധതികൾ പാടുള്ളൂവെന്നും ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.
ഭൂമി വിട്ടുനൽകിയവർക്ക് 1992ലെ നയപ്രകാരം നഷ്‌ടപരിഹാരത്തിന് പുറമേ പുനരധിവാസവും നടപ്പാക്കണമെന്ന ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിധി. ഹരിയാന നഗര വികസന അതോറിറ്റിയുടെ അപ്പീലാണ് പരിഗണിച്ചത്. എങ്കിലും, പ്രസ്‌തുത കേസിലെ ഹർജിക്കാർക്ക് 2016ലെ നയത്തിന്റെ അടിസ്ഥാനത്തിൽ പകരം ഭൂമി ലഭ്യമാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
നഷ്‌ടപരിഹാരത്തുകയ്‌ക്ക് പുറമേ പുനരധിവാസം നടപ്പാക്കുന്നുണ്ടെങ്കിൽ മാനുഷിക പരിഗണനയിലും, ഭൂവുടമകൾക്ക് നീതി ഉറപ്പാക്കാനും മാത്രമായിരിക്കണം. അനാവശ്യമായി പ്രീണന പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കരുത്. സംസ്ഥാനങ്ങളുടെ പ്രീണന പദ്ധതികളെച്ചൊല്ലി വലിയ നിയമയുദ്ധങ്ങളാണ് നടക്കുന്നത് –-ഉത്തരവിൽ പറഞ്ഞു.









0 comments