print edition ‘സിബിഐ ആരും വിശ്വസിക്കാത്ത ഏജൻസിയായി’ ; സുപ്രീംകോടതിയുടെ വിമർശം

ന്യൂഡൽഹി
കേന്ദ്ര ഏജൻസിയായ സിബിഐയിൽ കഴിവുകെട്ട ഉദ്യോഗസ്ഥരാണുള്ളതെന്നും അവരെക്കാൾ മികച്ച രീതിയിൽ ജോലി ചെയ്യാൻ ജില്ലാ പൊലീസിന് അറിയാമെന്നും സുപ്രീംകോടതി. ഹിമാചൽപ്രദേശ് പവർ കോർപ്പറേഷൻ ഉദ്യോഗസ്ഥനായിരുന്ന വിമൽ നേഗിയുടെ ആത്മഹത്യ അന്വേഷിക്കുന്ന സിബിഐ സംഘം മുദ്രവെച്ച കവറിൽ നൽകിയ രേഖ പരിഗണിക്കവെയാണ് കോടതി പൊട്ടിത്തെറിച്ചത്.
നിങ്ങൾ രാഷ്‌ട്രീയം കളിക്കുകയാണോ. ആരും വിശ്വസിക്കാത്ത ഏജൻസിയായി നിങ്ങൾ മാറി. എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളും തകർന്നു. വളരെ ശോചനീയമായ അവസ്ഥ– ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അമാനുള്ള, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ച് രൂക്ഷമായി വിമർശിച്ചു.
കേസിൽ സിബിഐ തുറന്നുകാട്ടപ്പെട്ടുവെന്നും കോടതി പറഞ്ഞു. തുടർന്ന് പ്രതിയാക്കപ്പെട്ട ഉദ്യോഗസ്ഥന് അറസ്‌റ്റിൽ നിന്ന് സംരക്ഷണം നൽകി ഉത്തരവിട്ടു. വിമൽ നേഗിയുടെ ആത്മഹത്യയ്‌ക്ക് കാരണം മറ്റ് ഉദ്യോഗസ്ഥരാണെന്ന് കാട്ടി ഭാര്യ നൽകിയ പരാതിയിൽ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.









0 comments