പെൺകുട്ടികളുടെ മാറിടം സ്പർശിക്കൽ ബലാത്സംഗമല്ലെന്ന ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മാറിടത്തിൽ സ്‌പർശിച്ചാലോ പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിച്ചാലോ ബലാത്സംഗമോ അതിനുള്ള ശ്രമമോ അല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരെ അഞ്ജലി പട്ടേൽ എന്നയാൾ സ്വകാര്യ റിട്ട് ഹർജിയായി സമർപ്പിച്ചതിന്റെ സാങ്കേതികത്വം മുൻനിർത്തിയാണ് ജസ്റ്റിസ് ബേല എം ത്രിവേദി ഇത് തള്ളിയത്.
ഹൈക്കോടതി ഉത്തരവിനെതിരെ അതിക്രമത്തിന് ഇരയായ പെൺകുട്ടിയോ, സംസ്ഥാനസർക്കാരോ ആണ് അപ്പീൽ നൽണ്ടേത്. ക്രിമിനൽ കേസുകളിലടക്കം അപ്പീലുകൾ സമർപ്പിക്കുമ്പോൾ പ്രത്യേകാനുമതി ഹർജിയായി വേണം സമീപിക്കാനെന്നും കോടതി പറഞ്ഞു. വാദം ഉന്നയിക്കാനും അനുവദിച്ചില്ല.
കീഴ്‌കോടതി ചുമത്തിയ ബലാത്സംഗ കുറ്റത്തിനെതിരെ നൽകിയ ഹർജി പരിഗണിക്കവെയാണ് അലഹബാദ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് രാം മനോഹർ നായാരൺ മിശ്ര വിചിത്ര വാദം ഉന്നയിച്ചത്. പവൻ, ആകാശ് എന്നിവർക്കെതിരെ കാസ്ഗഞ്ച് കോടതിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ലൈംഗികാതിക്രമം, പോക്‌സോ വകുപ്പുകൾ ചുമത്തിയത്. 2021ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റിയ പ്രതികൾ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായാണ് കേസ്.
നേരത്തെയും ഈ തരത്തിലുള്ള വിവാദ ഉത്തരവുകൾ അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ബലാത്സംഗ കേസ് ഇരയെ പ്രതി നിർബന്ധമായി വിവാഹം കഴിക്കണമെന്നതുൾപ്പെടെയുള്ള വിചിത്ര വിധി അലഹാബാദ് ഹൈക്കോടതിയാണ് പുറപ്പെടുവിച്ചത്. പ്രതി നരേഷ് മീണ ഇരയെ വിവാഹം കഴിച്ചോളാം എന്നറിയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു വിചിത്ര വിധി. കേസിൽ നിന്നും മോചിതനായാൽ മൂന്ന് മാസത്തിനുള്ളിൽ പ്രതി ഇരയെ വിവാഹം കഴിക്കണമെന്ന ഉത്തരവ് ഫെബ്രുവരി 20ന് ജസ്റ്റിസ് കൃഷൻ പഹാലാണ് പുറപ്പെടുവിച്ചത്.









0 comments