ഷീല സണ്ണിയെ കുടുക്കിയ വ്യാജ ലഹരിക്കേസ്: നാരായണ ദാസിന് മുൻകൂർ ജാമ്യമില്ല

ഷീല സണ്ണി
ന്യൂഡൽഹി: ചാലക്കുടിയിലെ ബ്യൂട്ടീഷ്യൻ ഷീല സണ്ണിയെ മയക്കുമരുന്നുകേസിൽ കുടുക്കിയ പ്രതി തൃപ്പൂണിത്തുറ എരൂർ സ്വദേശി എം എൻ നാരായണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ നാരായണ ദാസ് നൽകിയ അപ്പീലിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
വ്യാജ ആരോപണങ്ങൾ വിഷലിപ്തമാണെന്നും തെറ്റായ പരാതികളിൽ തകരുന്നത് ഇരകളാകുന്നവരുടെ ജീവിതമാണെന്നും അത്തരം പരാതികൾ ഉന്നയിക്കുന്നവർക്ക് അർഹിക്കുന്ന ശിക്ഷ നൽകണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഹർജിക്കാരൻ ഏഴുദിവസത്തിനകം കീഴടങ്ങണമെന്നും പൊലീസിന്റെ പ്രത്യേക അന്വേഷകസംഘം മൂന്നുമാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കുറ്റം തെളിഞ്ഞാൽ, തുടർന്ന് നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കണം. നിലവിലെ വ്യവസ്ഥകൾ അപര്യാപ്തമെങ്കിൽ പാർലമെന്റ് ഇതേക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നും നിർദേശിച്ച കോടതി, ഉത്തരവിന്റെ പകർപ്പ് കേന്ദ്രസർക്കാരിന് അയക്കാൻ രജിസ്ട്രിക്ക് നിർദേശവും നൽകി.
വ്യാജ ആരോപണത്തിൽ 20 വർഷംവരെ തടവും രണ്ടുലക്ഷം രൂപവരെ പിഴയും കിട്ടാവുന്ന കുറ്റങ്ങളാണ് ഷീലയ്ക്കെതിരെ ചുമത്തിയത്. ഇതുകൂടി കണക്കിലെടുത്താണ് പ്രതിയുടെ ഹർജി തള്ളിയത്. നാരായണദാസ് നൽകിയ രഹസ്യവിവരം അനുസരിച്ചാണ് ഷീലയെ അറസ്റ്റ് ചെയ്തതെന്ന് എക്സൈസ് ഇൻസ്പെക്ടർ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നാരായണദാസിനെതിരെ കേസെടുക്കുകയായിരുന്നു. കള്ളക്കേസുണ്ടാക്കാനായി ലഹരിമരുന്ന് നാരായണദാസ് ശേഖരിച്ചതാണെങ്കിൽ ഷീലയ്ക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ഇയാൾക്കും ബാധകമാകുമെന്നും കോടതി പറഞ്ഞു. കേസിൽ പ്രത്യേക അന്വേഷകസംഘം രൂപീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി തീരുമാനിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
2023 മാർച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽഎസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കൾ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു. എന്നാൽ, രാസപരിശോധനയിൽ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. തുടർന്ന് കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഷീല സണ്ണിയും മരുമകളുമായി കുടുംബതർക്കമുണ്ടായിരുന്നു. ഷീലയെ കുടുക്കാൻ മരുമകളുടെ സഹോദരീസുഹൃത്തായ നാരായണദാസിനെ ഉപയോഗിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.









0 comments