വയനാട് ടൗൺഷിപ്പിനായ ഭൂമി ഏറ്റെടുക്കലിൽ ഇടപെടാനില്ല; എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുത്ത നടപടിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ഭൂമി ഏറ്റെടുക്കലിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി കോടതി തള്ളി. ആവശ്യങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഉന്നയിക്കാൻ നിർദ്ദേശിച്ചു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ എൽസ്റ്റൺ എസ്റ്റേറ്റിന്റെ 78.73 ഹെക്ടർ ഭൂമിയിൽ സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ആരംഭിച്ചിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് പുതുക്കിയ ന്യായവില പ്രകാരമുള്ള അധിക നഷ്ടപരിഹാരമായ 17.77 കോടി രൂപ കോടതിയിൽ കെട്ടിവച്ചാണ് എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന മാതൃകാ ടൗൺഷിപ്പിനുള്ള ഭൂമി സർക്കാർ ഏറ്റെടുത്തത്. മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റർ ജനറലിന്റെ അക്കൗണ്ടിൽ മുമ്പ് കെട്ടി വെച്ചിട്ടുണ്ടായിരുന്നു.അത് കൂടാതെയാണ് ഈ തുക കൂടി കെട്ടി വച്ച് ഭൂമി ഏറ്റെടുത്തത്.
എന്നാൽ ഏറ്റെടുക്കുന്ന എസ്റ്റേറ്റ് ഭൂമിക്ക് സർക്കാർ നിശ്ചയിച്ച വില വളരെ കുറവാണെന്ന് കാട്ടിയാണ് എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിച്ചത്.









0 comments