കശ്മീരിൽ ചോദ്യം ചെയ്യലിനിടെ പൊലീസുകാരന്റെ ജനനേന്ദ്രിയം ഛേദിച്ച കേസിൽ ഹൈക്കോടതിക്ക് വിമർശനം

ന്യൂഡൽഹി: ജമ്മുകശ്മീരിൽ മയക്കുമരുന്ന് കേസിൽ അകപ്പെട്ട പൊലീസ് കോൺസ്റ്റബിളിനെ ക്രൂരപീഡനത്തിന് ഇരയാക്കുകയും ജനനേന്ദ്രിയം ഛേദിക്കയും ചെയ്ത കേസിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്.
2023 ഫെബ്രുവരി 17 ന് ഖുർഷിദ് അഹമ്മദ് ചോഹാ എന്ന കോൺസ്റ്റബിളിനെയാണ്
ചോദ്യം ചെയ്യലിന്റെ പേരിൽ സഹപ്രവർത്തകർ ചേർന്ന് അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. ഇയാൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ജമ്മു കശ്മീർ സർക്കാരിനോട് ഉത്തരവിട്ടു. രാജ്യത്തെ പോലീസ് അതിക്രമത്തിന്റെ ഏറ്റവും ക്രൂരമായ സംഭവങ്ങളിലൊന്നെന്ന് ഇതിനെ കോടതി വിശേഷിപ്പിച്ചു.
മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യൽ ഒഴിവാക്കാൻ ആത്മഹത്യാശ്രമത്തിനിടെ ചോഹന് സ്വയം വരുത്തിവെച്ച പരിക്കുകളാണെന്ന സംസ്ഥാന സർക്കാരിന്റെ വാദം സുപ്രീം കോടതി തള്ളി. ജനനേന്ദ്രിയം പൂർണ്ണമായി വികൃതമാക്കിയ നിലയിലായിരുന്നു. ഭരണകൂടം ഇതിനെ പ്രതിരോധിക്കാനും എല്ലാ ശക്തിയും ഉപയോഗിച്ച് മറയ്ക്കാനും ശ്രമിക്കുകയാണ്. അത്തരം പരിക്കുകൾ സ്വയം വരുത്തിവയ്ക്കുന്നത് അസാധ്യമാണെന്ന് മെഡിക്കൽ തെളിവുകൾ നിർണ്ണായകമായി സ്ഥാപിക്കുന്നു- കോടതി നിരീക്ഷിച്ചു.

ഹൈക്കോടതിക്കും വിമർശനം
ഒരു മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യൽ ഒഴിവാക്കാൻ യുക്തിബോധമുള്ള ഒരു വ്യക്തി സ്വയം ജനനേന്ദ്രിയ വികലമാക്കുകയും ശരീരഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും ചെയ്യുമെന്ന് നിർദ്ദേശിക്കുന്നത് മണ്ടത്തരമാണ് എന്നും ജസ്റ്റിസ് മേത്ത പറഞ്ഞു.
കേസിൽ ഭരണകൂടത്തിന്റെ വാദത്തിന് അനുകൂലമായി പിഴവ് വരുത്തിയതിന് ഹൈക്കോടതിയെ സുപ്രീം കോടതി ശാസിക്കയും ചെയ്തു. ലളിത കുമാരി കേസിൽ ഭരണഘടനാ ബെഞ്ച് നിർദ്ദേശിച്ച നിർബന്ധിത തത്വങ്ങൾ പ്രയോഗിക്കാൻ വിസമ്മതിച്ചുകൊണ്ട് ഹൈക്കോടതി നിയമത്തിൽ ഗുരുതരമായ പിഴവ് വരുത്തി എന്ന് അഭിപ്രായപ്പെട്ടു.
"നെമോ ജുഡെക്സ് ഇൻ കോസ സുവ" (ആരും സ്വന്തം കേസിൽ ജഡ്ജിയാകരുത്) എന്ന ലാറ്റിൻ വാക്യം ഉദ്ധരിച്ചുകൊണ്ട്, ജമ്മു കശ്മീർ പോലീസ് തന്നെ ഈ കേസിൽ അന്വേഷണം നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് "സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്" എന്ന് സുപ്രീം കോടതി പറഞ്ഞു.
കോൺസ്റ്റബിളിന്റെ ഭാര്യ നൽകിയ പരാതിയിൽ എഫ്‌ഐആർ ഉടൻ രജിസ്റ്റർ ചെയ്യാൻ ഉത്തരവ് നൽകിയില്ല. പകരം ആരോപണ വിധേയനും പീഡനം നടന്ന കുപ്‌വാരയിലെ സീനിയർ പോലീസ് സൂപ്രണ്ടുമായി ഉദ്യോഗസ്ഥനോട് സ്വന്തം കീഴുദ്യോഗസ്ഥരുടെ പ്രവൃത്തികളെക്കുറിച്ച് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഈ നിർദ്ദേശം സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്, ”ജസ്റ്റിസ് മേത്ത ചൂണ്ടികാട്ടി.
"സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും മനുഷ്യാന്തസ്സിന്റെ ഏറ്റവും അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതുമായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിൽ പൂർണ്ണ സ്വാതന്ത്ര്യവും നിഷ്പക്ഷതയും മാത്രമാണ് നിയമത്തിന്റെ മഹത്വം ആവശ്യപ്പെടുന്നത്" എന്ന് കേസ് സിബിഐക്ക് വിട്ട് കൊണ്ട് കോടതി ഓർമ്മപ്പെടുത്തി.
ആത്മഹത്യാ ശ്രമമാക്കി കേസ് ഒതുക്കി
ഖുർഷിദ് അഹമ്മദ് ചോഹാന്റെ ഭാര്യ റുബീന അക്തർ നടത്തിയ ഏകദേശം 30 മാസം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് വിധി.
2023 ഫെബ്രുവരി 20-ന് ബാരാമുള്ള ജില്ലാ പോലീസ് വിഭാഗത്തിൽ കോൺസ്റ്റബിളായി നിയമിതനായ ഖുർഷീദ് അഹമ്മദ് ചോഹാനെയാണ് സ്വന്തം സഹപ്രവർത്തകർ തന്നെ കേസിന്റെ പേരിൽ പീഡിപ്പിച്ചത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കുപ്വാരയിലെ ജോയിന്റ് ഇന്ററോഗേഷൻ സെന്ററിൽ (ജെഐസി) തടവിലാക്കി ആറ് ദിവസം പീഡനം തുടർന്നു. അതിന്റെ ഫലമായി അദ്ദേഹം പൂർണ്ണമായും കോമയിലായി.
ഇതോടെ കുപ് വാര പോലീസ് 2023 ഫെബ്രുവരി 26-ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 309 (ആത്മഹത്യ പ്രേരണ) പ്രകാരം ചോഹനെതിരെ കേസ് എടുത്തു. ബ്ലേഡ് ഉപയോഗിച്ച് തന്റെ ഞരമ്പ് മുറിക്കാൻ ശ്രമിച്ചു, സ്വയം മുറിവേൽപ്പിച്ചു മരിക്കാൻ ശ്രമിച്ചു എന്നായിരുന്നു കേസ്.
ആവർത്തിച്ചുള്ള അപേക്ഷകൾ നൽകിയിട്ടും ചോഹന്റെ വൈദ്യപരിശോധനാ റിപ്പോർട്ട് കുടുംബവുമായി പങ്കുവയ്ക്കാൻ അധികാരികൾ വിസമ്മതിച്ചു. അദ്ദേഹത്തിന്റെ ഭാര്യ റുബീന അക്തർ വിവരാവകാശ അപേക്ഷ നൽകി മെഡിക്കൽ റിപ്പോർട് വാങ്ങിച്ചതോടെയാണ് നിയമപോരാട്ടത്തിന്റെ ഗതി മാറിയത്.
സമാനതകളില്ലാത്ത പീഡനം
ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (SKIMS) നിന്നും ലഭിച്ച മെഡിക്കൽ റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു.
വൃഷണസഞ്ചിയിൽ മുറിവേറ്റിരുന്നു, ശസ്ത്രക്രിയയിലൂടെ രണ്ട് വൃഷണങ്ങളും നീക്കം ചെയ്തു. തുടകൾ വരെ നീളുന്ന നിതംബത്തിൽ ചതവുകൾ ഉണ്ടായിരുന്നു. കൈപ്പത്തികളിലും കാലുകളിലും മർദ്ദനമേറ്റ് പേശികൾ ഇളകി. മലാശയത്തിലെ സസ്യകണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത് അത് വഴിയുള്ള ആക്രമണത്തെ സൂചിപ്പിച്ചു. അകത്ത് ഒന്നിലധികം ഒടിവുകൾ ഉണ്ടായിരുന്നു.
"ഈ കസ്റ്റഡി പീഡന കേസിന്റെ അഭൂതപൂർവമായ ഗൗരവം, പ്രാദേശിക പോലീസ് സംവിധാനങ്ങൾ ആസൂത്രണം ചെയ്ത വ്യവസ്ഥാപിതമായ മൂടിവയ്ക്കൽ, പരാതി കൈകാര്യം ചെയ്യുന്നതിൽ പ്രകടമായ സ്ഥാപനപരമായ പക്ഷപാതം, ന്യായമായ അന്വേഷണം നടത്തുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂർണ്ണ പരാജയം, പ്രതിഭാഗം സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാട് എന്നിവ കണക്കിലെടുക്കുമ്പോൾ, അന്വേഷണം നേരിട്ട് സിബിഐക്ക് കൈമാറാൻ ഞങ്ങൾ നിർബന്ധിതരാകുന്നു," എന്ന് കോടതി അഭിപ്രായപ്പെട്ടു.









0 comments