പൊളിച്ച 6 വീടുകൾക്ക്‌ 60 ലക്ഷം രൂപ 
നഷ്‌ടപരിഹാരം , യുപി സര്‍ക്കാര്‍ നടപടി മനഃസാക്ഷിയെ 
പിടിച്ചുലച്ചെന്നും സുപ്രീംകോടതി

മനുഷ്യത്വരഹിതം ; യുപി ബുള്‍ഡോസര്‍രാജിന് സുപ്രീംകോടതിയുടെ പ്രഹരം

supreme court on up bulldozer raj
വെബ് ഡെസ്ക്

Published on Apr 02, 2025, 02:29 AM | 1 min read


ന്യൂഡൽഹി : ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന്റെ ബുൾഡോസർ രാജിന് കനത്ത പ്രഹരം നൽകി സുപ്രീംകോടതി. പ്രയാ​ഗ്‍രാജിൽ വീടുകള്‍ ഇടിച്ചുനിരത്തിയത് മനസാക്ഷിയെ പിടിച്ചുലച്ചെന്ന് പറഞ്ഞ ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ച്‌ ഒരു വീടിന് 10 ലക്ഷം രൂപവീതം ആറുപേര്‍ക്ക് 60 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനും ഉത്തരവിട്ടു. ബുള്‍ഡോസര്‍രാജിൽ ആദ്യമായാണ് സുപ്രീംകോടതി നഷ്ടപരിഹാരം നൽകാന്‍ വിധിക്കുന്നത്. ആറാഴ്‌ചക്കുള്ളിൽ പ്രയാഗ്‌രാജ് വികസന അതോറിറ്റി നഷ്ടപരിഹാരം നൽകണം.


"പാര്‍പ്പിടത്തിനുള്ള അവകാശം ആര്‍ട്ടിക്കിള്‍ 21ന്റെ അവിഭാജ്യഘടകമാണ്. ജീവിക്കാനുള്ള അവകാശമാണ്‌ ലംഘിച്ചത്‌. ഭാവിയിൽ നടപടിക്രമങ്ങൾ പാലിക്കുന്നത്‌ ഓർക്കാൻ നഷ്‌ടപരിഹാരം ഈടാക്കലാണ്‌ എറ്റവും അനുയോജ്യം. നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും ഞങ്ങൾ നിയമവിരുദ്ധമായി രേഖപ്പെടുത്തും. നിയമങ്ങള്‍ കാറ്റിൽപറത്തിയുള്ള ഇടിച്ചുനിരത്തൽ മനുഷ്യത്വവിരുദ്ധമാണ്. നിയമവാഴ്ചയെന്നൊന്നുണ്ട്. അനധികൃത നിര്‍മാണമാണെങ്കിൽ പൊളിക്കുന്നതിന് മുമ്പ് നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കണം. ബാധിക്കപ്പെടുന്നവര്‍ക്ക് നേരിട്ടോ, രജിസ്ട്രേഡ് പോസ്റ്റോ ആയി നൽകുന്നതിന് പകരം ചുമരിൽ പതിച്ച് പോകുന്നത് അവസാനിപ്പിക്കണം. ചട്ടപ്രകാരം നോട്ടീസ്‌ നൽകാൻ ആത്മാർഥമായി ഒരിക്കൽപ്പോലും ശ്രമിച്ചില്ല. പരാതി അറിയിക്കാനുള്ള സമയം പോലും നൽകിയില്ല. നോട്ടീസ്‌ നൽകി 24 മണിക്കൂറിനകമാണ്‌ വീടുകൾ പൊളിച്ചത്‌'. കോടതി ചൂണ്ടിക്കാട്ടി.


അനധികൃത കൈയേറ്റമെന്നാരോപിച്ച്‌ 2021ലാണ് പ്രയാഗ്‌രാജ് വികസന അതോറിറ്റി പൊളിച്ചത്. സർക്കാർ നടപടി ശരിവച്ച അലഹബാദ്‌ ഹൈക്കോടതി വിധിക്കെതിരെ അഭിഭാഷകനായ സുൽഫിക്കർ ഹൈദർ, പ്രൊഫ. അലി അഹമ്മദ്, രണ്ട് വിധവകൾ തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ്‌ നിർണായക ഇടപെടൽ. അന്തിമ വിധിക്ക്‌ വിധേയമായി വീടുകൾ സ്വന്തം ചെലവിൽ പുനർ നിർമിക്കാൻ ഹർജിക്കാർക്ക്‌ മാർച്ച്‌ 24ന്‌ അനുമതി നൽകിയിരുന്നു. ഇതിനുള്ള സാമ്പത്തിക ഭദ്രതയില്ലന്ന്‌ ചൂണ്ടിക്കാട്ടിയതോടെ നഷ്‌ടപരിഹാരം നൽകാൻ ചൊവ്വാഴ്‌ച ഉത്തരവിടുകയായിരുന്നു. ഭൂമിയിൽ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള നടപടിയാരംഭിക്കാനും ഹർജിക്കാർക്ക്‌ അനുമതി നൽകി.


അംബേദ്കർ നഗറിലെ ജലാൽപൂരിൽ ദിവസങ്ങൾക്ക്‌ മുമ്പ്‌ വീട് ഇടിച്ചുപൊളിക്കുന്നതിനിടെ ഒരു പെൺകുട്ടി പ്രാണരക്ഷാർഥം ഓടുന്ന ദൃശ്യം വൈറലായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ ജസ്‌റ്റിസ്‌ ഓഖ ബാലികയുടെ ദൃശ്യം തന്നെ വല്ലാതെ അസ്വസ്‌ഥനാക്കിയതായും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home