സംവരണനേട്ടം ലഭിച്ചവരെ ഒഴിവാക്കണോ? ; തീരുമാനിക്കേണ്ടത് സർക്കാർ : സുപ്രീംകോടതി
ന്യൂഡൽഹി
സംവരണംവഴി നേട്ടമുണ്ടാക്കിയവരെ സംവരണത്തിൽനിന്ന് ഒഴിവാക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത് സർക്കാരും നിയമനിർമാണസഭകളുമാണെന്ന് സുപ്രീംകോടതി. ‘ സംവരണം വഴി ഇതിനോടകം നേട്ടം ഉണ്ടാക്കുകയും മറ്റ് വിഭാഗക്കാരുമായി തുല്യത കൈവരിക്കുകയും ചെയ്‌തവരെ വേണമെങ്കിൽ സംവരണ ആനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കാമെന്ന് കോടതി നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്.
നടപ്പാക്കണോ വേണ്ടയോയെന്നത് തീരുമാനിക്കേണ്ടത് സർക്കാരും നിയമനിർമാണ സഭകളുമാണ്’–- ജസ്‌റ്റിസുമാരായ ഭൂഷൺ ആർ ഗവായ്, അഗസ്‌റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.
സംവരണ ആവശ്യങ്ങൾക്കായി പട്ടികജാതി വിഭാഗങ്ങളിൽ ഉപവർഗീകരണം ആകാമെന്ന് സുപ്രീംകോടതി ഏഴംഗ ഭരണഘടനാബെഞ്ച് 6:1 ഭൂരിപക്ഷത്തിൽ ആഗസ്‌തിൽ വിധിച്ചു. ഈ വിധിയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ മേൽത്തട്ടിനെ വേണമെങ്കിൽ സംവരണ ആനുകൂല്യങ്ങളിൽനിന്നും ഒഴിവാക്കുന്ന രീതിയിൽ സംസ്ഥാനങ്ങൾക്ക് നയങ്ങൾ രൂപീകരിക്കാമെന്നും നിർദേശിച്ചു.
ആറ് മാസം കഴിച്ചിട്ടും സംസ്ഥാനങ്ങൾ നയങ്ങൾ രൂപീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സന്തോഷ് മാളവ്യ എന്ന ഹർജിക്കാരനാണ് സുപ്രീംകോടതിയെ സമീപിച്ചത്. മധ്യപ്രദേശിൽ ഐഎഎസ്, ഐപിഎസ്, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ മക്കളെ എസ്‌സി/ എസ്‌ടി സംവരണ ആനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന ഹർജിയിലെ ആവശ്യത്തിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
0 comments