കോടതി പരിഹരിക്കേണ്ടന്ന് കേന്ദ്രസർക്കാർ, ഖണ്ഡിച്ച് ബെഞ്ച് , 26 മുതൽ വീണ്ടും വാദം
ബില്ലിൽ ഗവർണർ അടയിരുന്നാൽ കൈയുംകെട്ടിയിരിക്കണോ ; രാഷ്‌ട്രപതിയുടെ റഫറൻസില്‍ സുപ്രീംകോടതി

റിതിൻ പൗലോസ്
Published on Aug 22, 2025, 02:53 AM | 1 min read
ന്യൂഡൽഹി
ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ അടയിരുന്നാൽ ഞങ്ങൾ കൈയുംകെട്ടി നോക്കിയിരിക്കണോയെന്നും അത്തരം ഘട്ടത്തിൽ ഇടപെടേണ്ടിവരുമെന്നും കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. ബില്ലുകളിൽ ഒപ്പിടാൻ ഗവർണർക്കും രാഷ്‌ട്രപതിക്കും സമയപരിധി നിശ്ചയിച്ച വിധിയിൽ രാഷ്‌ട്രപതി നൽകിയ റഫറൻസിൽ വാദം കേൾക്കെവയാണ് ഭരണഘടനാബെഞ്ച് നിലപാട് വ്യക്തമാക്കിയത്. തർക്കമുണ്ടായാൽ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയെ സമീപിക്കാനാവില്ലെന്നും അനുച്ഛേദം 142 പ്രകാരമുള്ള സവിശേഷാധികാരം ഉപയോഗിച്ച് കോടതിക്ക് ഭരണഘടനാഭേദഗതി ചെയ്യാനാവില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം.
ഗവർണർ ചുമതല നിർവഹിക്കുന്നില്ലങ്കിൽ കോടതി കൈയുംകെട്ടി നോക്കിയിരിക്കണോയെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ചോദിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ സ്ഥിതിയെന്താകും. നാല് സംസ്ഥാനമാണ് പരാതി പറഞ്ഞത്. ഭരണഘടനയുടെ കാവൽക്കാരാണ് കോടതി. വർഷങ്ങളോളം ബില്ലിൽ ഗവർണർ അടയിരുന്നാൽ ജുഡീഷ്യൽ റിവ്യൂവിന് കോടതിക്ക് അധികാരമില്ലെന്ന് എങ്ങനെ പറയും. തെറ്റുണ്ടായാൽ അവിടെ പരിഹാരവും കാണേണ്ടിവരും –ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമം വ്യാഖ്യാനിക്കാനുള്ള അധികാരം സുപ്രീംകോടതിക്കുണ്ടെന്ന് ബെഞ്ചംഗമായ ജസ്റ്റിസ് സൂര്യകാന്തും പറഞ്ഞു. തമിഴ്‌നാട് ഗവർണർക്കെതിരായ കേസിൽ ഇടപെടില്ലെന്ന് ചീഫ് ജസ്റ്റിസ് വീണ്ടും ഓർമിപ്പിച്ചു.
ബില്ലിൽ തർക്കമുണ്ടായാൽ രാഷ്‌ട്രീയ പരിഹാരം മതിയെന്ന് തുഷാര്‍ മേത്ത വാദിച്ചു. മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോടോ രാഷ്‌ട്രപതിയോടോ അഭ്യർഥന നടത്താം. മുഖ്യമന്ത്രി, പ്രധാനമന്ത്രി, ഗവർണർ എന്നിവർക്ക് യോഗം ചേർന്നും പരിഹാരം കാണാം. പകരം ബില്ലിൽ ഒപ്പിടാൻ ഗവർണർക്ക് സമയപരിധി കോടതിക്ക് നിശ്ചയിക്കാനാകില്ലെന്നും മേത്ത വാദിച്ചു. വ്യാഴാഴ്‌ച കേന്ദ്രസർക്കാർ വാദം പൂർത്തിയാക്കി. 26 മുതൽ വീണ്ടും വാദം തുടങ്ങും.









0 comments