രാഷ്‌ട്രപതിയുടെ റഫറൻസ് ; ‘സംസ്ഥാനങ്ങളെ നഗരസഭകളാക്കരുത്’

ന്യൂഡൽഹി
ഫെഡറൽ അവകാശങ്ങളും നിയമനിർമാണ അധികാരങ്ങളുമില്ലാത്ത കേവലം നഗരസഭകളാക്കി സംസ്ഥാനങ്ങളെ മാറ്റരുതെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ.
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഒപ്പിടാൻ ഗവർണർക്കും രാഷ്‌ട്രപതിക്കും സമയപരിധി നിശ്ചയിച്ച വിധിക്കെതിരെയുള്ള രാഷ്‌ട്രപതിയുടെ റഫറൻസിനെ പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന പശ്ചിമ ബംഗാൾ, കർണാടക, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾ എതിർത്തു.
സംസ്ഥാനങ്ങൾക്ക് അവരുടേതായ സ്വയംഭരണാവകാശമുണ്ടെന്നും ഗവർണറുടെ ഇഷ്‌ടാനുസരണം കേവലം നഗരസഭകളാക്കരുതെന്നും ഹിമാചലിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആനന്ദ് ശർമ വാദിച്ചു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് നയിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ ബംഗാൾ, ഹിമാചൽ സംസ്ഥാനങ്ങൾ ബുധനാഴ്‌ച വാദം പൂർത്തിയാക്കി. ഒന്പതിന് കർണാടകം വാദം തുടരും.
ബില്ലുകൾ തടഞ്ഞുവെച്ച് പ്രവർത്തനങ്ങളെ ഗവർണർ തടസ്സപ്പെടുത്തുന്നുവെന്ന് ബംഗാളിനായി ഹാജരായ കപിൽ സിബൽ ചൂണ്ടിക്കാട്ടി. നിയമസഭ പാസാക്കുന്ന ബില്ലുകൾക്ക് സാധുതയുണ്ടെന്നാണ് തത്വം. ബില്ലിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്യാൻ ഗവർണർക്ക് വിവേചനാധികാരം നൽകിയാൽ ഭരണഘടന തകരും. സാധുത കോടതിയാണ് പരിശോധിക്കേണ്ടത്. ബില്ലിന് അനുമതി നൽകുന്നില്ലെങ്കിൽ ഗവർണറെ കോടതിയിൽപോലും ചോദ്യം ചെയ്യാനാവാത്ത സ്ഥിതിയുണ്ടാക്കും. സമയപരിധി നിശ്ചയിക്കൽ കോടതി നടത്തിയ ഭരണഘടനാഭേദഗതിയാണെന്ന കേന്ദ്രസർക്കാർ വ്യാഖ്യാനം തെറ്റാണ്. ഭരണഘടന ചുമതലുള്ളവരുടെ പ്രവർത്തനം ഉറപ്പാക്കൽ മാത്രമായിരുന്നു അത് –സിബൽ പറഞ്ഞു.
നിയമനിർമാണാധികാരം ഗവർണർക്കില്ലെന്ന് കർണാടകത്തിനായി ഹാജരായ ഗോപാൽ സുബ്രഹ്മണ്യം വാദിച്ചു. ഗവർണർക്കും രാഷ്‌ട്രപതിക്കും വിവേചനാധികാരം നൽകുന്നത് മന്ത്രിസഭയിൽ അധിഷ്‌ഠിതമായ സർക്കാർ എന്ന ആശയത്തിന് വിരുദ്ധമാണ്.
വൈസ്രോയിമാരോ ഗവർണർ ജനറൽമാരോ അല്ല ഗവർണർമാർ. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പെരുമാറാൻ ബാധ്യസ്ഥരാണ് അവർ. സഭ സമ്മേളനങ്ങളുടെ അധ്യക്ഷപദവി പോലും ഗവർണർക്കും രാഷ്‌ട്രപതിക്കുമില്ല. അവർ രണ്ടും നാമനാത്ര തലവന്മാരാണ്. ജനാഭിലാഷം ഇല്ലാതാക്കാൻ ഗവർണർക്ക് അധികാരമില്ല– ശർമ വാദിച്ചു.









0 comments