ബിൽ പിടിച്ചുവയ്‌ക്കാമെന്ന് ബിജെപി സംസ്ഥാനങ്ങൾ ; വെറുതെയിരിക്കണോയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ രാഷ്‌ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച ചരിത്രവിധിക്കെതിരെ രാഷ്‌ട്രപതി ദ്രൗപദി മുർമു നൽകിയ റഫറൻസിനെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ. വിഷയത്തിൽ ജുഡീഷ്യൽ റിവ്യൂ നടത്താൻ സുപ്രീംകോടതിക്ക് അധികാരമില്ലെന്നും പാർലമെന്റാണ് തീരുമാനിക്കേണ്ടതെന്നും സംസ്ഥാനങ്ങൾ വാദിച്ചു. എന്നാൽ 2020ൽ പാസാക്കിയ ബില്ലിൽ 2025 ആയിട്ടും ഒപ്പിട്ടില്ലെങ്കിൽ കോടതി അധികാരം പ്രയോഗിക്കാതെ വെറുതെയിരിക്കണോയെന്ന് അഞ്ചംഗ ഭരണഘടന ബെഞ്ച് ചോദിച്ചു. വീറ്റോ അധികാരം അനുവദിച്ചാൽ പണബിൽ പോലും തടയപ്പെടുമെന്നും ബെഞ്ച് നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്‌യുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വാദം കേൾക്കുന്നത്. മഹാരാഷ്‌ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഒറീസ, ഗോവ, ഛത്തീസ്ഗഡ്, ഹരിയാന സംസ്ഥാനങ്ങളാണ് വിധിയെ എതിർത്തത്.
ജുഡീഷ്യൽ റിവ്യൂ സാധ്യതയെ ചോദ്യം ചെയ്യുന്നില്ലങ്കിലും ഗവർണർ, രാഷ്‌ട്രപതി എന്നിവർ അതിന് പുറത്താണെന്ന് മധ്യപ്രദേശിന് വേണ്ടി ഹാജരായ നീരജ് കിഷൻ കൗൾ വാദിച്ചു. അനിശ്ചിതകാലത്തേക്ക് ബിൽ പിടിച്ചുവെയ്‌ക്കാൻ എങ്ങനെ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ അത് പാർലമെന്റാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു കൗളിന്റെ മറുപടി. നിയമസഭ പാസാക്കിയ ബിൽ നിയമമാകുന്നത് തടയാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും വീറ്റോ എന്ന വാക്കില്ലങ്കിലും അതിനുള്ള അധികാരം ഗവർണർക്കുണ്ടെന്നും മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവ വാദിച്ചു. വീറ്റോ അധികാരം നൽകിയാൽ പണബിൽ പോലും തടയപ്പെടുമെന്ന് പറഞ്ഞ ബെഞ്ച് വാദത്തെ ഖണ്ഡിച്ചു. പരിമിതമായ ഫെഡറലിസമേയുള്ളെന്നും എന്തുകൊണ്ട് ഗവണർ തീരുമാനമെടുത്തുവെന്ന് കോടതിക്ക് ചോദിക്കാനാവില്ലന്നും സാൽവേ വാദിച്ച. ഗവർണർക്ക് സമയപരിധി നിശ്ചയിക്കുന്നത് അനാദരവാണെന്നായിരുന്നു ഛത്തീസ്ഗഡിനുവേണ്ടി മഹേഷ് ജെഠ്‌മലാനിയുടെ വാദം.









0 comments