സുപ്രീംകോടതി വിധി ; ആശ്വാസത്തിൽ ബിഹാറിലെ മൂന്നുകോടിയോളം വോട്ടർമാർ

ന്യൂഡൽഹി
വോട്ടർപ്പട്ടിക പുനഃപരിശോധനയ്‌ക്കായി ആധാർ, വോട്ടർ ഐഡി, റേഷൻ കാർഡ് എന്നീ രേഖകൾകൂടി പരിഗണിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ ആശ്വാസത്തിൽ ബിഹാറിലെ വോട്ടർമാർ. തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച 11 രേഖകളിൽ ആധാറും വോട്ടർ ഐഡിയും റേഷൻ കാർഡും ഉൾപ്പെട്ടിരുന്നില്ല. വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇത് തിരിച്ചടിയായി. സ്ഥിരതാമസ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ പകരം രേഖകൾക്കായി ആളുകൾ പരക്കംപാഞ്ഞതോടെയാണ് സുപ്രീംകോടതിയുടെ വിധി വന്നത്.
ജനന സർട്ടിഫിക്കറ്റ്, മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്, സ്ഥിരതാമസ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, ജാതി സർട്ടിഫിക്കറ്റ് തുടങ്ങി കമീഷൻ ആദ്യം ആവശ്യപ്പെട്ടിരുന്ന 11 രേഖകൾ ബിഹാറിലെ ചെറിയൊരു ശതമാനം വോട്ടർമാരുടെ പക്കൽ മാത്രമാണുണ്ടായിരുന്നത്. എന്നാൽ സുപ്രീംകോടതി ഇപ്പോൾ നിർദേശിച്ച മൂന്ന് രേഖകളിൽ ഏതെങ്കിലുമൊന്ന് ഭൂരിഭാഗം വോട്ടർമാരുടെ പക്കലുണ്ട്.
സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ബിഹാറിലെ 11.5 കോടി പേർക്ക് ആധാറുണ്ട്. റേഷൻ കാർഡും ബിഹാറിൽ നല്ലൊരുവിഭാഗം ജനങ്ങളുടെ പക്കലുണ്ട്. കേന്ദ്ര ഭക്ഷ്യ–-പൊതുവിതരണ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ബിഹാറിലെ മൂന്നിൽ രണ്ട് പേർക്കും റേഷൻ കാർഡുണ്ട്. 7.89 കോടി വോട്ടർമാർക്ക് വോട്ടർ ഐഡി കാർഡുമുണ്ട്.
തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് പ്രകാരം 2003ലെ വോട്ടർപ്പട്ടികയിൽ ഉൾപ്പെടാത്തവരാണ് നിർബന്ധമായും ജനനസ്ഥലം തെളിയിക്കേണ്ട രേഖ സമർപ്പിക്കേണ്ടത്. ഏതാണ്ട് മൂന്നുകോടിയോളം പേരാണ് 2003 പട്ടികയിൽ ഉൾപ്പെടാത്തവരായി നിലവിൽ ബിഹാറിലെ വോട്ടർപ്പട്ടികയിലുള്ളത്.









0 comments