വോട്ടർപ്പട്ടിക തീവ്ര പരിശോധന ; കൂട്ടത്തോടെ പുറംതള്ളിയാൽ ഇടപെടും : സുപ്രീംകോടതി

റിതിൻ പൗലോസ്
Published on Jul 30, 2025, 04:06 AM | 1 min read
ന്യൂഡൽഹി
ബിഹാറിൽ പൗരത്വരേഖ ആവശ്യപ്പെട്ടുള്ള വോട്ടർപ്പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയിൽ വോട്ടർമാരെ കൂട്ടത്തോടെ പുറംതള്ളിയാൽ ഇടപെടുമെന്ന് തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി. 65 ലക്ഷം വോട്ടർമാർ പുറത്താകുമെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനുവേണ്ടി (എഡിആർ) ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രിംകോടതിയുടെ താക്കീത്.
ഭരണഘടനസ്ഥാപനമെന്ന നിലയിൽ നിയമപ്രകാരമാണ് കമീഷൻ പ്രവർത്തിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മാല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് ഓർമിപ്പിച്ചു. കോടതി വിഷയം കൃത്യമായി അവലോകനം ചെയ്യുകയാണ്. മരിച്ചതായി കമീഷൻ പറഞ്ഞതിൽ ജീവിച്ചിരിക്കുന്ന 15 പേരെ കൊണ്ടുവരാനും ബെഞ്ച് ഹർജിക്കാരോട് ആവശ്യപ്പെട്ടു.
65ലക്ഷം പേരെ പുറത്താക്കുന്നില്ലെങ്കിൽ പ്രശ്‌നമില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബലും പറഞ്ഞു. കരട് പട്ടികയിൽ ഇത്രയും ആളുകളെക്കുറിച്ച് കമീഷൻ നിശബ്‌ദമായാൽ കോടതിയെ അറിയിക്കണമെന്ന് സിബലിനോട് ബെഞ്ച് ആവശ്യപ്പെട്ടു.
കരടിനെതിരെ പരാതിയുണ്ടെങ്കിൽ അതിന് സംവിധാനമുണ്ടെന്നാണ് കമീഷന്റെ വാദം. ഹർജികളുടെ അടിയന്തരസ്വഭാവം കണക്കിലെടുത്ത് ആഗസ്‌ത് 12നും 13നും വാദം കേൾക്കും. പ്രത്യേക തീവ്രപരിശോധനയ്‌ക്ക് വോട്ടർ ഐഡിയും ആധാർ കാർഡും തിരിച്ചറിയൽ രേഖയായി പരിഗണിക്കാൻ കമീഷനോട് കോടതി നിർദേശിച്ചിരുന്നു.









0 comments