പ്രൊഫ. അലി ഖാൻ മഹ്മൂദാബാദിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

supreme court professor
വെബ് ഡെസ്ക്

Published on May 21, 2025, 12:50 PM | 1 min read

ന്യൂഡൽഹി: പാകിസ്ഥാൻ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ചും യുദ്ധക്കൊതിയന്മാരെ വിമർശിച്ചും സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനെത്തുടർന്ന് അറസ്റ്റിലായ പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഹരിയാന പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് അധ്യാപകന് ജാമ്യം അനുവദിച്ചത്. അതേസമയം, അന്വേഷണം സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. ഹരിയാന പൊലീസിലോ ഡൽഹി പൊലീസിലോ ഉൾപ്പെടാത്ത മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു പ്രത്യേക അന്വേഷണ സംഘത്തെ 24 മണിക്കൂറിനുള്ളിൽ രൂപീകരിക്കാനും കോടതി ഹരിയാന ഡിജിപിയോട് നിർദ്ദേശിച്ചു. എസ്‌ഐടിയിലെ ഒരു ഉദ്യോഗസ്ഥ ഒരു സ്ത്രീയായിരിക്കണമെന്നും നിബന്ധനയുണ്ട്.


ഇന്നലെ പ്രൊഫസറെ സോനിപ്പത്ത്‌ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. സുപ്രീംകോടതിയിൽ അലി ഖാൻ നൽകിയ ഹർജി അടിയന്തരമായി കേൾക്കാമെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ സമ്മതിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് അശോക സർവകാലാശാലയിലെ പൊളിറ്റിക്കൽ സയൻസ്‌ വിഭാ​ഗം അധ്യാപകനായ പ്രൊഫ. അലി ഖാൻ മഹ്മൂദാബാദിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.


കേസിന് വിഷയമായ സോഷ്യൽ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട് ഏതെങ്കിലും പോസ്റ്റുകളോ ലേഖനങ്ങളോ എഴുതുന്നതിൽ നിന്നും ഭീകരാക്രമണത്തെക്കുറിച്ചോ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചോ എന്തെങ്കിലും അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ നിന്നും വിലക്കിയ വ്യവസ്ഥകളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്നും നിർദേശമുണ്ട്. സമൂഹമാധ്യമത്തിൽ മഹ്മൂദാബാദ് എഴുതിയ പോസ്റ്റിനെതിരെ ഹരിയാന വനിതാ കമീഷൻ രം​ഗത്തുവന്നതിനു പിന്നാലെയായിരുന്നു പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. കേണൽ സോഫിയ ഖുറേഷി പ്രതിനിധീകരിക്കുന്ന വിഭാഗങ്ങളുടെ സമഗ്രമായ ശാക്തീകരണത്തിന്റെ അഭാവത്തെ ചൂണ്ടിക്കാട്ടിയും ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്‌തായിരുന്നു അധ്യാപകന്റെ പോസ്റ്റ്. എന്നാൽ പോസ്റ്റിനെ വളച്ചൊടിച്ച് ഹരിയാന വനിത കമീഷൻ രം​ഗത്തുവരികയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home