ഏഴ് ഹൈക്കോടതി ജഡ്ജിമാരെ സ്ഥലംമാറ്റാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തു

ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. കർണാടക ഹൈക്കോടതി ജഡ്ജിമാരായ നാല് പേർ ഉൾപ്പെടെ ഏഴ് പേരെ സ്ഥലം മാറ്റാനാണ് നിർദേശിച്ചിട്ടുള്ളത്. ഏപ്രിൽ 15 നും 19 നും നടന്ന യോഗങ്ങളിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം തീരുമാനമെടുത്തത്. ഹൈക്കോടതികളിൽ ഉൾപ്പെടുത്തലും വൈവിധ്യവും കൊണ്ടുവരുന്നതിനും നീതിന്യായ വ്യവസ്ഥയുടെ ഗുണനിലവാരം ശക്തിപ്പെടുത്തുന്നതിനുമായാണ് സ്ഥലംമാറ്റത്തിന് ശുപാർശ ചെയ്തതെന്ന് കൊളീജിയം അറിയിച്ചു.

കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡറിനെ മദ്രാസ് ഹൈക്കോടതിയിലേക്കും, ജസ്റ്റിസ് കൃഷ്ണൻ നടരാജനെ കേരളത്തിലേക്കും, ജസ്റ്റിസ് നെരണഹള്ളി ശ്രീനിവാസൻ സഞ്ജയ് ഗൗഡയെ ഗുജറാത്തിലേക്കും, ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ശ്രീപാദിനെ ഒറീസ ഹൈക്കോടതിയിലേക്കും അയയ്ക്കാനാണ് ശുപാർശകൾ. കൂടാതെ, തെലങ്കാന ഹൈക്കോടതി ജഡ്ജിമാരായ പെരുഗു ശ്രീ സുധയെ കർണാടകയിലേക്കും കസോജു സുരേന്ദറിനെ മദ്രാസ് ഹൈക്കോടതിയിലേക്കും, ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് കുംഭജദല മൻമധ റാവുവിനെ കർണാടകയിലേക്കും സ്ഥലം മാറ്റാനും കൊളീജിയം ശുപാർശ ചെയ്തു.









0 comments