മുൻകൂർ ജാമ്യാപേക്ഷകളിൽ പരിധി പരിശോധിക്കാൻ സുപ്രീം കോടതി മൂന്നംഗ ബെഞ്ച്

മുൻകൂർ ജാമ്യത്തിനായി നേരിട്ട് ഹൈക്കോടതികളെ സമീപിക്കുന്നത് "കക്ഷിയുടെ ഇഷ്ടമാണോ" അതോ ആദ്യം സെഷൻസ് കോടതിയെ സമീപിക്കേണ്ടത് നിർബന്ധമാണോ എന്ന വിഷയം സുപ്രീം കോടതി മൂന്ന് അംഗ ബെഞ്ച് പരിഗണിക്കുന്നു.
മൂന്ന് ജഡ്ജിമാരുടെ ബെഞ്ച് രൂപീകരിക്കുന്നത് വരെ കേസ് വാദം കേൾക്കുന്നതിനായി മാറ്റിവയ്ക്കുന്നതായും ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. ഈ വിഷയത്തിൽ സഹായത്തിനായി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലുത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്.
കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷകൾ നേരിട്ട് പരിഗണിക്കുന്നത് കൂടുതലാണെന്ന് നേരത്തെ സുപ്രീം കോടതി ചൂണ്ടികാട്ടിയിരുന്നു. വ്യവഹാരി സെഷൻസ് കോടതിയെ സമീപിക്കാതെ ഹൈക്കോടതിയിൽ നേരിട്ട് മുൻകൂർ ജാമ്യാ തേടുന്നതായി കാണുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?" എന്നായിരുന്നു സെപ്തംബർ എട്ടിലെ ഒരു വിധിയിൽ സുപ്രീം കോടതി ചോദിച്ചത്.
നേരത്തെയുള്ള ക്രിമിനൽ നടപടിക്രമ നിയമത്തിലും, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലും (BNSS) ഇതിനായി ഒരു ശ്രേണി വ്യവസ്ഥ നൽകിയിട്ടുണ്ടെന്ന് സുപ്രീം കോടതി ഓർമ്മപ്പെടുത്തുകയും ചെയ്തിരുന്നു.
മുൻകൂർ ജാമ്യത്തിനായുള്ള അപേക്ഷ തള്ളിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ രണ്ട് പേർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ ഉണ്ടായത്. രജിസ്ട്രാർ ജനറൽ മുഖേന കേരള ഹൈക്കോടതിക്ക് ഈ വശം സംബന്ധിച്ച് നോട്ടീസ് അയച്ചിരുന്നു.









0 comments