കേന്ദ്രത്തിന് തിരിച്ചടി; ഗവർണർക്കെതിരെയുള്ള കേരളത്തിന്റെ ഹർജികൾ പിൻവലിക്കാൻ അനുവദിച്ച് സുപ്രീംകോടതി

റിതിൻ പൗലോസ്
Published on Jul 25, 2025, 07:22 PM | 1 min read
ന്യൂഡൽഹി : കേന്ദ്രസർക്കാരിന് വൻ തിരിച്ചടി നൽകി ഗവർണർക്കെതിരെ സമർപ്പിച്ച ഹർജികൾ പിൻവലിക്കാൻ കേരളത്തിന് സുപ്രീംകോടതിയുടെ അനുമതി. പിൻവലിക്കാൻ അനുവദിക്കരുതെന്നും വിധിക്കെതിരെ രാഷ്‌ട്രപതി നൽകിയ റഫറൻസിന് മറുപടി നൽകുന്ന ഭരണഘടനബെഞ്ചിന് സംസ്ഥാനത്തിന്റെ രണ്ട് റിട്ട് ഹർജിയും വിടണമെന്നും കേന്ദ്രസർക്കാർ വാദിച്ചുവെങ്കിലും ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ പി എസ് നരസിംഹ, എ എസ് ചന്ദൂർക്കർ എന്നിവരുടെ ബെഞ്ചാണ് കേന്ദ്രത്തിന്റെ ആവശ്യം തള്ളിയത്.
സർവകലാശാല വൈസ് ചാൻസലർ നിയമനങ്ങളിലടക്കം കാലതാമസവും ആശയക്കുഴപ്പവും സൃഷ്‌ടിക്കാൻ കേരളത്തിന്റെ ഹർജി പിൻവലിപ്പിക്കാതിരിക്കേണ്ടത് കേന്ദ്രത്തിന്റ ആവശ്യമായിരുന്നു. തമിഴ്‌നാട് ഗവർണർക്കെതിരെ ഏപ്രിൽ എട്ടിന് സുപ്രീംകോടതി പുറപ്പെടുവിച്ച ചരിത്രവിധി കേരളത്തിനും ബാധകമാണെന്ന് തത്വത്തിൽ കോടതി അംഗീകരിച്ചതോടെ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർക്ക് ഇനി അടയിരിക്കാനാവില്ല.
ബില്ലുകളിൽ ഒപ്പിടാൻ ഗവർണർക്കും രാഷ്‌ട്രപതിക്കും സമയപരിധി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് രണ്ട് റിട്ട് ഹർജിയാണ് കേരളം നൽകിയത്. ബില്ലുകളിൽ ഒപ്പിടുന്നതിന് ഇരുവർക്കും ഏപ്രിൽ എട്ടിലെ വിധിയിൽ സമയപരിധി നിശ്ചയിച്ചതിനാൽ ഹർജികൾ അപ്രസക്തമാണെന്നും പിൻവലിക്കുന്നുവെന്നും കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ പറഞ്ഞു. എന്നാൽ കേരളത്തിലെ സാഹചര്യം വ്യത്യസ്‌തമാണെന്നായിരുന്നു കേന്ദ്രസർക്കാർ വാദം. വിധിക്കെതിരെ രാഷ്‌ട്രപതി നൽകിയ റഫറൻസിന് മറുപടി നൽകാനിരിക്കുന്ന ഭരണഘടനബെഞ്ചിലേയ്‌ക്ക് ഹർജികൾ വിടണമെന്നും കേന്ദ്രസർക്കാർ വാദിച്ചു. ഹർജികൾ പിൻവലിക്കുന്നതിൽ നിന്ന് കേരളത്തെ തടയാനാവില്ലന്നും കോടതി വ്യക്തമാക്കി. ഏപ്രിൽ എട്ടിലെ വിധിപ്രകാരം ഒപ്പിടുന്നില്ലങ്കിൽ മൂന്നുമാസത്തിനുള്ളിൽ സർക്കാരിന് ബിൽ തിരിച്ചയക്കണം. വീണ്ടും സഭ പാസാക്കി അയച്ചാൽ ഒരു മാസത്തിനുള്ളിൽ അംഗീകാരം നൽകിയിരിക്കണം. ഒരിക്കൽ രാഷ്‌ട്രപതിക്ക് വിട്ട ബിൽ വീണ്ടും രാഷ്‌ട്രപതിക്ക് അയക്കാനാവില്ല.









0 comments