ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണം; സുപ്രീം കോടതി വ്യാഴാഴ്ച വാദം കേൾക്കും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ബിഹാറിലെ വോട്ടർ പട്ടികകളുടെ "പ്രത്യേക തീവ്ര പരിഷ്കരണം" ചോദ്യം ചെയ്യുന്ന ഹർജികൾ അടിയന്തരമായി ലിസ്റ്റ് ചെയ്യാൻ സുപ്രീം കോടതി സമ്മതിച്ചു.
ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബഞ്ചാണ് പരാതിക്കാരുടെ ആവശ്യം പരിശോധിച്ചത്. ജൂലൈ 10 വ്യാഴാഴ്ച കേസ് പരിഗണിക്കും. കമ്മീഷന്റെ നടപടികളിൽ അടിയന്തര സ്റ്റേ അനുവദിക്കാനുള്ള ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇതുവരെ നാല് ഹർജികൾ സമർപ്പിച്ചിട്ടുണ്ട്. ആർജെഡി എംപി മനോജ് ഝാ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, പിയുസിഎൽ, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, ലോക്സഭാ എംപി മഹുവ മൊയ്ത്ര എന്നിവരാണ് ഇസിഐ തീരുമാനത്തെ ചോദ്യം ചെയ്ത് ഹർജി നൽകിയത്.
കഴിഞ്ഞ 20 വർഷമായി തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും, നിർദ്ദിഷ്ട രേഖകൾ സമർപ്പിക്കാത്ത വോട്ടർമാർ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്ന സാഹചര്യമാണ്. നാല് കോടിയോളം പേരെ ഇത് ബാധിക്കാം. ആധാറോ വോട്ടർ ഐഡി കാർഡുകളോ സ്വീകരിക്കേണ്ടതില്ലെന്ന ഇസിഐയുടെ തീരുമാനം ഈ പ്രക്രിയ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുന്നത് 'അസാധ്യമായ' കാര്യമാക്കി മാറ്റിയതായും ഹർജിക്കാരുടെ അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.









0 comments