സാക്ഷികൾ തിരിച്ചറിഞ്ഞില്ല ; വധശിക്ഷയ്‌ക്ക് വിധിച്ച പ്രതിയെ ഉടൻ വിട്ടയക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി : നീതിയുക്തമായ വിചാരണ നടത്താതെ പ്രതിയെ വധശിക്ഷയ്‌ക്ക് വിധിച്ച വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. പ്രതിയെ ഉടൻ ജയിലിൽനിന്ന് വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുകൊന്നുവെന്ന കുറ്റംചുമത്തി കരൺദീപ് ശർമ എന്ന പ്രതിക്ക് ഉത്തരാഖണ്ഡിലെ രുദ്രാപൂരുള്ള വിചാരണക്കോടതി 2017ൽ വിധിച്ച വധശിക്ഷയാണ് ജസ്റ്റിസ് വിക്രംനാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് റദ്ദാക്കിയത്. ശിക്ഷക്കെതിരെ പ്രതി നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞപ്രകാരം പ്രതി നടത്തിയ കുറ്റസമ്മതമൊഴിയെ അതേപടി വിശ്വാസത്തിലെടുത്ത വിചാരണക്കോടതിയെ സുപ്രീംകോടതി വിമർശിച്ചു. സാഹചര്യത്തെളിവുകൾ മാത്രം പരിഗണിച്ചാണ് പ്രതിക്ക് വധശിക്ഷ വിധിച്ചതെന്നും വിചാരണനടപടികളിൽ പിഴവുണ്ടെന്നും സുപ്രീംകോടതി കണ്ടെത്തി.
പ്രതിയുടേതെന്ന് അവകാശപ്പെട്ട് പൊലീസ് സമർപ്പിച്ച ഡിഎൻഎ സാമ്പിൾ വിശ്വാസയോഗ്യമല്ല. വാദിക്കാൻ പ്രതിക്ക് അവശ്യമായ അവസരം നൽകാതെയാണ് വധശിക്ഷവിധിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.









0 comments