പ്രഹരമേറ്റ് മോദി സർക്കാർ ; ഗവർണർക്കും രാഷ്ട്രപതിക്കും സുപ്രീംകോടതിയുടെ ‘ചെക്ക്’

ന്യൂഡൽഹി : ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ പാസാക്കിയ ബില്ലുകൾ രാഷ്ട്രീയതാൽപര്യങ്ങളുടെ പേരിൽ അനന്തകാലം തടഞ്ഞുവയ്‌ക്കാൻ ഗവർണർമാർക്ക് അധികാരമില്ലെന്ന ശക്തമായ സന്ദേശംനൽകി സുപ്രീംകോടതി. തമിഴ്‌നാട് ഗവർണർ ആർ എൻ രവിയുടെ ജനാധിപത്യവിരുദ്ധ നടപടികൾ റദ്ദാക്കിയ ഉത്തരവ് ഗവർണറെ രാഷ്‌ട്രീയ ചട്ടുകമാക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന് കനത്ത പ്രഹരമായി. കേരളാ ഗവർണറായിരുന്ന ആരിഫ് മൊഹമദ്‌ഖാൻ നിരവധി ബില്ലുകൾ വർഷങ്ങളോളം തടഞ്ഞുവയ്‌ക്കുകയും പിന്നീട് രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് വിടുകയും ചെയ്‌തിരുന്നു. ഇതിനെതിരെ കേരളവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
കേരളത്തിന്റെ ഹർജി കഴിഞ്ഞതവണ കോടതി പരിഗണിച്ചപ്പോൾ തമിഴ്‌നാടിന്റെ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി കേരളത്തിനും ബാധകമാണെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിന്റെ ഹർജിയും ജസ്റ്റിസ് ജെ ബി പർധിവാലയുടെ ബെഞ്ചിന് കൈമാറണമെന്ന ആവശ്യവും വേണുഗോപാൽ ഉന്നയിച്ചു. ഇക്കാര്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സഞ്‌ജീവ് ഖന്ന പ്രതികരിച്ചിരുന്നു. തമിഴ്‌നാടിന്റെ ഹർജിയിലെ വിധിപകർപ്പ് പരിശോധിച്ചശേഷം ഈ വിഷയത്തിൽ വാദമാകാമെന്നാണ് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കട രമണിയുടെ നിലപാട്. എല്ലാ സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും ബാധകമായ വിധിയാണ് സുപ്രീംകോടതിയുടേത്. അടുത്ത മാസം 13നാണ് കേരളത്തിന്റെ കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നത്. അന്ന് തമിഴ്‌നാട് കേസിലെ വിധിയുടെ അടിസ്ഥാനത്തിൽ കേരളം ശക്തമായ വാദങ്ങൾ അവതരിപ്പിക്കും.
തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകളിൽ ഗവർണർ ആർ എൻ രവി എടുത്ത നടപടികൾ ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കിയതോടെ സർവകലാശാലകളിൽ വൈസ്‌ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം ഉൾപ്പടെ 13 സർവകലാശാലകളെ നിയന്ത്രിക്കാനുള്ള അധികാരങ്ങൾ ഗവർണർക്ക് നഷ്ടപ്പെട്ടിരുന്നു. സർവകലാശാലകളെ സംബന്ധിച്ച നിയമത്തിൽ ‘ഗവർണർ’, ‘ചാൻസലർ’ എന്നീ പദങ്ങൾക്ക് പകരം ‘സംസ്ഥാനസർക്കാർ’ എന്നാക്കുന്ന ഭേദഗതി ഉൾപ്പടെയുള്ള ബില്ലുകളാണ് തമിഴ്‌നാട് നിയമസഭ പാസാക്കിയിരുന്നത്. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഈ ഭേദഗതി ബിൽ നിയമമായതോടെ വിസിമാരെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റികളിൽ അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ഗവർണർക്ക് നഷ്ടപ്പെട്ടു.
10 ബില്ലും നിയമമാക്കി തമിഴ്നാട്
തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലും സുപ്രീംകോടതി ഉത്തരവിലൂടെ നിയമമായി. ഗവർണർ പിടിച്ചുവച്ച 10 ബില്ലും പാസായതായുള്ള സുപ്രീംകോടതി ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് ഇവ നിയമമാക്കി തമിഴ്നാട് സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനമിറക്കിയത്. രാജ്യത്ത് ആദ്യമായാണ് ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും ഒപ്പില്ലാതെ ബില്ലുകള്‍ സുപ്രീംകോടതി ഉത്തരവിൽ നിയമമാകുന്നത്.
തമിഴ്നാട്ടിലെ സര്‍വകലാശാലകളുടെ നിയന്ത്രണത്തിലും വൈസ് ചാന്‍സലര്‍ നിയമനത്തിലും ഗവര്‍ണര്‍ക്കുണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞ് പൂര്‍ണ അധികാരം സംസ്ഥാനസര്‍ക്കാരിൽ നിക്ഷിപ്തമാക്കുന്നതാണ് ഭൂരിഭാഗം നിയമഭേദഗതികളും.









0 comments