സുബീൻ ഗാര്‍ഗിന്റേത് മുങ്ങിമരണം; മാനേജര്‍ അറസ്റ്റിൽ

ഗുവാഹത്തി: അസമിലെ ഗായകന്‍ സുബീൻ ഗാര്‍ഗ് സിംഗപ്പുരിൽവച്ച് മരിച്ചത് സ്കൂബ ഡൈവിങ്ങിനിടെ അല്ലെന്ന് റിപ്പോര്‍ട്ട്. സെന്റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നുവെന്ന് സിംഗപ്പുര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സിംഗപ്പുര്‍ പൊലീസ് ഇന്ത്യൻ ഹൈകമീഷന് കൈമാറിയതായി "ദി സ്ട്രെയ്റ്റ്സ് ടൈംസ്' റിപ്പോര്‍ട്ടിൽ പറയുന്നു.
ഇന്ത്യ, സിംഗപ്പുര്‍ നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ സുബീൻ ഗാര്‍ഗ് സെപ്തംബര്‍ 19നാണ് മരിച്ചത്. ഗാര്‍ഗ് ഉല്ലാസനൗകയിൽനിന്ന് കടലിലേക്ക് ചാടുന്നതിന്റെയും നീന്തുന്നതിന്റെയും ദൃശ്യം പുറത്തുവന്നിരുന്നു. സ്കൂബ ഡൈവിങ്ങിനിടെ ഹൃ-ദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഗാര്‍ഗിന്റെ മാനേജര്‍ സിദ്ധാര്‍ഥ ശര്‍മയെ ഗുഡ്ഗാവിൽനിന്നും സിംഗപ്പുരിലെ പരിപാടിയുടെ മുഖ്യ സംഘാടകന്‍ ശ്യാംകനു മഹന്തയെ ഡൽഹിയില്‍നിന്നും അസം പൊലീസ് അറസ്റ്റുചെയ്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ബുധനാഴ്ച ഗുവാഹത്തി കോടതിയിൽ ഹാജരാക്കി. 14 ദിവസം കസ്റ്റഡിയിൽവിട്ടു. മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. കേസ് അന്വേഷിക്കാൻ അസം സര്‍ക്കാര്‍ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.









0 comments