കൊൽക്കത്ത ഐഐഎം ഹോസ്റ്റലിൽ വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി റിമാൻഡിൽ

കൊൽക്കത്ത: കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വച്ച് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. കേസിൽ അറസ്റ്റിലായ പ്രേമാനന്ദ് മഹാവീർ ടോപ്പന്നവർ എന്ന പർമാനന്ദ് ജെയിനെ (26) റിമാൻഡ് ചെയ്തു. ജൂലൈ 19 വരെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. വിചാരണ കോടതിയുടേതാണ് നടപടി. ഐഐഎം-സിയിലെ രണ്ടാം വർഷ വിദ്യാർഥിയാണ് കർണാടക സ്വദേശിയായ പർമാനന്ദ്.
വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ അതിക്രമം നടന്നത്. മറ്റൊരു കോളേജിൽ നിന്നും ഐഐഎമ്മിൽ കൗൺസിലിംഗിന് എത്തിയ വിദ്യാർഥിയ്ക്ക് നേരെയാണ് അഥിക്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. കൗൺസിലിംഗ് നടക്കുന്ന സ്ഥലത്ത് എത്തിക്കാമെന്ന പേരിൽ പെൺകുട്ടിയെ ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് പർമാനന്ദ് എത്തിച്ചു. ഇയാൾ ജ്യൂസ് കുടിക്കാൻ നൽകിയതായും അത് കുടിച്ചതിനെ തുടർന്ന് പെൺകുട്ടി മയങ്ങി വീണതായുമാണ് മൊഴി. മയങ്ങി വീണ വിദ്യാർഥിയെ പരമാനന്ദ് പീഡിപ്പിച്ചുവെന്നാണ് പരാതി.
ബോധം തെളിഞ്ഞപ്പോൾ ഹോസ്റ്റൽ മുറിയിൽനിന്നും രക്ഷപ്പെട്ട പെൺകുട്ടി സുഹൃത്തിന്റെ സഹായത്തോടെയാണ് പൊലീസിൽ പരാതി നൽകിയത്. ആദ്യം താക്കൂർപുകുർ പോലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും ഐഐഎം-സി ക്യാമ്പസ് ഹരിദേവ്പൂർ പൊലിസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേയ്ക്ക് മാറ്റിയിരുന്നു. തുടർന്ന് ഹരിദേവ്പൂർ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പരമാനന്ദ് പിടിയിലാകുന്നത്. ഹോസ്റ്റലിൽ നിന്ന് ഫോറൻസിക് സംഘം തെളിലുകൾ ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെൺകുട്ടി പരാതിയിൽ പറഞ്ഞ എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. "ഞാൻ എന്റെ മകളോട് സംസാരിച്ചു. ആരും തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് അവൾ പറഞ്ഞു. എന്റെ മകൾ സുരക്ഷിതയാണ്" എന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞതായാണ് റിപ്പോർട്ട്.









0 comments