കോട്ടയിൽ വീണ്ടും വിദ്യാർഥി മരണം: പരീക്ഷയ്ക്ക് മണിക്കൂറുകൾ മുമ്പ് വിദ്യാർഥി ആത്മഹത്യ ചെയ്തു

ജയ്പൂർ : രാജസ്ഥാനിലെ കോച്ചിങ് ഹബ്ബായ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. നീറ്റ് പരീക്ഷയ്ക്ക് മണിക്കൂറുകൾ മുമ്പ് വിദ്യാർഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശ് സ്വദേശിയായ 17കാരിയാണ് ഞായറാഴ്ച നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക് മണിക്കൂറുകൾ മുമ്പ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം. കോട്ടയിലെ വീട്ടിലെ മുറിയിൽ വിദ്യാർഥിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മാതാപിതാക്കൾക്കൊപ്പം കോട്ടയിലെ പാർശവ്നാഥ് ഏരിയയിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. നീറ്റ് - യുജിക്കായി തയാറെടുക്കുകയായിരുന്നു വിദ്യാർഥി. സ്കാർഫ് ഉപയോഗിച്ച് മുറിയിലെ ഇരുമ്പ് ഗ്രില്ലിൽ തൂങ്ങിയ നിലയിലാണ് പെൺകുട്ടിയെ വീട്ടുകാർ കണ്ടെത്തുന്നത്. ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
രാജ്യത്തെ തന്നെ പ്രധാനപ്പെട്ട എൻട്രൻസ് കോച്ചിങ് ഹബ്ബുകളിലൊന്നാണ് രാജസ്ഥാനിലെ കോട്ട. ഇവിടെ വിദ്യാർഥി ആത്മഹത്യകൾ നിരന്തരമായി തുടരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ വർഷം ആദ്യം മുതൽ ഇതുവരെ 14 വിദ്യാർഥികളാണ് കോട്ടിയിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വർഷം ഇത് 17 ആയിരുന്നു.









0 comments