ദിവസങ്ങൾ നീണ്ട രക്ഷാദൗത്യം; രാജസ്ഥാനിൽ കുഴൽകിണറിൽവീണ 3 വയസുകാരിയെ രക്ഷിച്ചു

ജയ്പുര്‍ > രാജസ്ഥാനിലെ കോട്പുതലി ഗ്രാമത്തിലെ കുഴൽകിണറിൽ വീണ മൂന്നുവയസുകാരി ചേതനയെ രക്ഷപ്പെടുത്തി. നീണ്ട രക്ഷാദൗത്യത്തിലൂടെയാണ് കുട്ടിയെ രക്ഷിച്ചത്. പുറത്തെടുത്ത കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ആരോഗ്യത്തിന് പ്രശ്‌നമില്ലെന്നും കുട്ടി നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ പറഞ്ഞു. ഡിസംബർ 23നാണ് കുട്ടി 150 അടി താഴ്ചയിലുള്ള കിണറിൽ വീണത്. കുഴൽകിണറിന് സമാന്തരമായി കുഴിയെടുത്തായിരുന്നു രക്ഷാപ്രവർത്തനം. ആദ്യം നിർമിച്ച കുഴിയുടെ ദിശ മാറിപ്പോയത് രക്ഷാപ്രവർത്തനത്തെ വൈകിപ്പിക്കുകയും ഒടുവിൽ മറ്റൊരു കുഴി കുഴിച്ച് കുട്ടിയെ പുറത്തെടുക്കുകയുമായിരുന്നു.
കുഴിയിലേക്ക് ഓക്‌സിജനും ഭക്ഷണവും വെള്ളവും എത്തിച്ചായിരുന്നു രക്ഷാപ്രവർത്തനം. എന്നാൽ അവസാന മണിക്കൂറുകളിൽ കിണറ്റിലേക്ക് ഓക്‌സിജനോ ഭക്ഷണമോ വെള്ളമോ എത്തിക്കാനായിരുന്നില്ല. ഡിസംബർ 27 വെള്ളിയാഴ്ച പെയ്ത മഴയും ഇടയ്ക്ക് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി. ബദിയാലി ധനിയിൽ പിതാവിന്റെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് ചേതന കുഴൽക്കിണറിൽ വീണത്.
രണ്ടാഴ്ചയ്ക്കിടെ രാജാസ്ഥാനിൽ കുഴൽകിണറിൽ കുട്ടികള്‍ വീഴുന്ന രണ്ടാമത്തെ സംഭവമാണിത്. ദൗസ ജില്ലയിൽ അഞ്ചുവയസുകാരനെ 55 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിൽ പുറത്തെടുത്തെങ്കിലും മരിച്ചു. കുറച്ചു ദിവസങ്ങൾക്കുമുമ്പ് മധ്യപ്രദേശിലെ ഗുണ ജില്ലയിലും 10 വയസുകാരൻ കുഴൽകിണറിൽ വീണ് മരണമടഞ്ഞിരുന്നു.









0 comments