ഹോളി ആഘോഷത്തിന്റെ പേരിൽ മസ്ജിദുകൾ കെട്ടിമറച്ചത് അപലപനീയം: സംയുക്ത കിസാൻ മോർച്ച

skm
വെബ് ഡെസ്ക്

Published on Mar 15, 2025, 06:19 PM | 2 min read

ന്യൂഡൽഹി : ഹോളി ആഘോഷത്തിന്റെ പേരിൽ ഉത്തർപ്രദേശിൽ മസ്ജിദുകൾ കെട്ടിമറച്ച നടപടി അപലപനീയമാണെന്ന് സംയുക്ത കിസാൻ മോർച്ച. 189 മസ്ജിദുകളാണ് ടാർപോളിൻ ഉപയോ​ഗിച്ച് കെട്ടിമറച്ചത്. ഹോളി ആഘോഷിക്കുമ്പോൾ നിറങ്ങൾ ശരീരത്ത് വീഴാതിരിക്കണം എന്നുണ്ടെങ്കിൽ വീടിനുള്ളിൽ ഇരിക്കണം എന്നാണ് മുസ്ലിം മതസ്ഥരോട് സംഭലിലെ സീനിയർ പൊലീസ് ഓഫീസർ അനുജ് കുമാർ ചൗധരി പറഞ്ഞത് തികച്ചും വർ​ഗീയമാണ്. ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്നുള്ളതും ഏറെ ഞെട്ടലുണ്ടാക്കുന്നു. ഹോളി ആഘോഷങ്ങൾക്ക് തടസമുണ്ടാകാതിരിക്കാൻ മുസ്ലിം പുരുഷൻമാർ ടാർപോളിൻ കൊണ്ടുള്ള ഹിജാബ് ധരിക്കണമെന്നാണ് ബിജെപി നേതാവ് രഘുരാജ് സിങ് പറഞ്ഞത്. തീവ്ര ഹിന്ദു വിഭാ​ഗങ്ങളും പൊലീസും മുസ്ലിം വി​ദ്വേഷം പരത്താനുള്ള ഉപകരണമായി ഹോളിയെ ഉപയോഗിക്കുകയാണ്.


ഭരണഘടനയിൽ ഉറപ്പുനൽകുന്ന തുല്യതയെ ലംഘിക്കുകയാണ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്ത അനുജ് കുമാർ ചൗധരിയെ സസ്പെൻഡ് ചെയ്യണമെന്നും മുഖ്യമന്ത്രിയും രഘുരാജ് സിങ്ങും മാപ്പ് പറയണമെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


സമൂഹത്തെ പല തട്ടിലാക്കാനുള്ള ബിജെപി- ആർഎസ്എസ് ശ്രമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച ശക്തമായി നിലകൊണ്ടിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ കർഷക സമരം ഇതിനുദാഹരണമാണ്. മോ​ദി സർക്കാരിന്റെ കർഷക വിരുദ്ധ- കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ എല്ലാ ജാതി- മത വിഭാ​ഗങ്ങളിൽ നിന്നുള്ള കർഷകരും ഡൽഹി അതിർത്തിയിൽ സമരത്തിനെത്തി. അധികാരത്തിനും തിരഞ്ഞെടുപ്പ് നേട്ടത്തിനും വേണ്ടി സമൂഹത്തെ വിഭജിക്കുന്നതിന് എസ്‌കെഎം അനുവദിക്കില്ല. വിദ്വേഷ പ്രചാരണത്തെ പരാജയപ്പെടുത്താനും മതവിശ്വാസത്തെ മുൻനിർത്തിയല്ലാതെ എല്ലാ പൗരന്മാരുടെയും അവകാശങ്ങളും അന്തസും സംരക്ഷിക്കുന്നതിനും ഇന്ത്യൻ ജനത ഐക്യത്തോടെ നിൽക്കണമെന്നും എസ്‌കെഎം ആഹ്വാനം ചെയ്യുകയാണ്.


ഇന്ത്യയിലെ ന്യൂനപക്ഷ വിഭാ​ഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ആർഎസ്എസിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. ബംഗ്ലാദേശ് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ന്യൂനപക്ഷ ഹിന്ദു സമൂഹം ആക്രമണങ്ങൾക്ക് ഇരയാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കുക എന്നത് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും നീതിന്യായ വ്യവസ്ഥയുടെയും നിർണായക ഉത്തരവാദിത്തമാണ്.


ഭരണഘടനയും നിയമവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നീതി ന്യായ വ്യവസ്ഥയ്ക്കാണെന്നിരിക്കെ ന്യൂനപക്ഷ വിദ്വേഷം ആളിക്കത്തിക്കുന്ന യുപി പൊലീസിനും മുഖ്യമന്ത്രിയ്ക്കും ആർഎസ്എസ് ബിജെപി നേതാക്കൾക്കുമെതിരെ സ്വമേധയാ കേസെടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്‌കെഎം ജുഡീഷ്യറിയോട് ആവശ്യപ്പെടുന്നു. ആർഎസ്എസും ബിജെപിയും നടത്തുന്ന ഭരണഘടനാ വിരുദ്ധ- നിയമവിരുദ്ധ നടപടികൾ തടയേണ്ടത് ജുഡീഷ്യറിയുടെ ഉത്തരവാദിത്തമാണ്.


ഭരണഘടന പ്രദാനം ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ തത്വങ്ങൾ സംരക്ഷിക്കുന്നതിനും ഐക്യം സംരക്ഷിക്കുന്നതിനും ജനങ്ങളെ അണിനിരത്തേണ്ടത് മതനിരപേക്ഷവും ജനാധിപത്യപരവുമായ രാഷ്ട്രീയ പാർടികളുടെയും സ്വതന്ത്ര മാധ്യമങ്ങളുടെയും ഭരണഘടനാപരമായ കടമയാണ്. ഈ കടമകൾ നിർവഹിക്കാൻ പാർടികളും സ്വതന്ത്ര മാധ്യമങ്ങളും തയാറാകണമെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home