രണ്ട് തവണ കടിച്ചാൽ യുപിയിൽ തെരുവ് നായകള്‍ക്ക് "ജീവപര്യന്തം'

ലഖ്നൗ
പ്രകോപനമില്ലാതെ മനുഷ്യനെ രണ്ടു തവണ കടിച്ചാൽ തെരുവ് നായയ്ക്ക് ഉത്തര്‍പ്രദേശിൽ "ജീവപര്യന്തം തടവ് ' ശിക്ഷ. ആദിത്യനാഥ് സര്‍ക്കാരാണ് തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്കായി ഉത്തരവിറക്കിയത്.
പ്രകോപനമില്ലാതെ കടിക്കുന്ന തെരുവ് നായയെ ആദ്യം പത്തുദിവസം എബിസി കേന്ദ്രത്തിൽ പാര്‍പ്പിക്കും. തുടര്‍ന്ന് വന്ധ്യംകരണമടക്കമുള്ള നടപടി സ്വീകരിച്ചശേഷം മുൻസംഭവങ്ങളുടെയടക്കം വിവരങ്ങളടങ്ങിയ മൈക്രോ ചിപ്പ് ഘടിപ്പിച്ച് പുറത്തുവിടും.
വീണ്ടും ആരെയെങ്കിലും കടിച്ചാൽ ശേഷിക്കുന്നകാലം മുഴുവൻ കേന്ദ്രത്തിൽ പാര്‍പ്പിക്കും. ആരെങ്കിലും ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ മാത്രമേ ഇത്തരം "കുറ്റവാളി 'കള്‍ക്ക് പിന്നെ പുറംലോകം കാണാൻ പറ്റൂ. തെരുവിൽ ഉപേക്ഷിക്കില്ലെന്നതടക്കമുള്ള സത്യവാങ്മൂലം നൽകിയാൽ ഏറ്റെടുക്കാം. വീണ്ടും തെരുവിൽതള്ളിയാൽ നിയമനടപടി സ്വീകരിക്കും.
നായ കടിച്ചത് പ്രകോപനമില്ലാതെയാണോ എന്ന് വിലയിരുത്തുക പ്രദേശത്തെ മൃഗഡോക്ടറടക്കമുള്ള മൂന്നംഗ സമിതിയാണ്. ആരെങ്കിലും കല്ലെടുത്ത് എറിഞ്ഞതിനെതുടര്‍ന്നാണ് കടിച്ചതെങ്കിൽ പ്രകോപനമാണ്. അത്തരം നായകള്‍ "ശിക്ഷിക്കപ്പെടില്ല'.









0 comments