തെരുവുനായകളെ ഷെൽറ്ററിലേക്ക് മാറ്റണമെന്ന ഉത്തരവ്; സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജികൾ വിധി പറയാനായി മാറ്റി

ന്യൂഡൽഹി : ഡൽഹി എൻസിആറിലെ തെരുവുനായകളെ ഷെൽറ്ററിലേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ ഹർജികൾ വിധി പറയാനായി മാറ്റി സുപ്രീംകോടതി. ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു. ഡൽഹി എൻസിആറിലെ എല്ലാ തെരുവ് നായ്ക്കളെയും പിടികൂടി ആറ് മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ ഷെൽട്ടറുകളിലാക്കണമെന്ന ആഗസ്ത് 11 ലെ നിർദ്ദേശത്തെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
ജസ്റ്റിസുമാരായ പർദിവാലയും ആർ മഹാദേവനും അടങ്ങുന്ന ബെഞ്ചാണ് ആഗസ്ത് 11ന് തെരുവുനായകളെ ഷെൽട്ടറിലടയ്ക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. തെരുവുനായകളുടെ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലായിരുന്നു ഉത്തരവ്. തെരുവ് നായ്ക്കളെ ഷെൽട്ടറുകളിൽ തടവിലാക്കുമെന്നും തെരുവുകളിലോ കോളനികളിലോ പൊതുസ്ഥലങ്ങളിലോ തുറന്നുവിടില്ലെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. പ്രാദേശിക അധികാരികളുടെ നിഷ്‌ക്രിയത്വമാണ് തെരുവുനായ ശല്യം വർധിക്കാൻ കാരണമെന്നും സുപ്രീംകോടതി വിമർശിച്ചു.
നായ്ക്കളുടെ കടിയേറ്റ് പേവിഷബാധ മൂലം കുട്ടികളക്കം മരണമടയുന്നുണ്ടെന്നും തെരുവ് നായ്ക്കളുടെ പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നും ഡൽഹി സർക്കാർ വാദത്തിനിടെ സുപ്രീംകോടതിയിൽ പറഞ്ഞു. രാജ്യത്ത് ഒരു വർഷത്തിനിടെ നായ്ക്കളുടെ കടിയേൽക്കുന്നതുമായി ബന്ധപ്പെട്ട് 37 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡൽഹി സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത പറഞ്ഞു. ആരും മൃഗങ്ങളെ വെറുക്കുന്നവരല്ലെന്നും പരിഹാരം ഉടനടി വേണമെന്നും മെഹ്ത പറഞ്ഞു. നായ്ക്കളെ പരിപാലിക്കുന്ന എൻജിഒയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സ്ഥിതി വളരെ ഗുരുതരമാണെന്നും വിഷയത്തിൽ ആഴത്തിൽ വാദം നടത്തേണ്ടതുണ്ടെന്നും പറഞ്ഞു.









0 comments