ഓഹരി വിപണിയിലെ നഷ്ടം; മുറിയിൽ പുക നിറച്ച് എഞ്ചിനീയർ ജീവനൊടുക്കി

പ്രതീകാത്മകം
ഹരിദ്വാർ: ഓഹരി വിപണിയിൽ നഷ്ടം നേരിട്ടതിനെ തുടർന്ന് ഉത്തരാഖണ്ഡിൽ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. ഹരിദ്വാറിലെ അരീഹന്ത് വിഹാർ സ്വദേശിയായ ലവ് കുമാർ ആണ് മുറിയിൽ പുക നിറച്ച് ജീവനൊടുക്കിയത്. സാമ്പത്തിക പ്രതിസന്ധിയും സ്വത്തുതർക്കങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് ഇയാൾ താമസിച്ച മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
റൂം ഹീറ്ററിൽ കൽക്കരി കത്തിച്ച് പുക സൃഷ്ടിച്ച ശേഷം മുറി അകത്തുനിന്ന് പൂട്ടിയിട്ടാണ് കെമിക്കൽ എഞ്ചിനീയറായ ലവ് കുമാർ ആത്മഹത്യ ചെയ്തതെന്ന് കൺഖാൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സബ് ഇൻസ്പെക്ടർ സത്യേന്ദ്ര ഭണ്ഡാരി അറിയിച്ചു. ശ്വാസം മുട്ടി മരിച്ചതായാണ് പ്രാഥമിക നിഗമനം.
ആത്മഹത്യ ചെയ്യുന്നതിന് മുൻപ് കാർബൺ മോണോക്സൈഡ് വിഷവാതകം ഉപയോഗിച്ച് ജീവനൊടുക്കുമെന്ന് ലവ് കുമാർ ഭാര്യയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഓഹരി വിപണിയിലെ നഷ്ടം കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന ഇയാൾ മദ്യത്തിന് അടിമപ്പെട്ടതായും പൊലീസ് പറയുന്നു.
ഇതിൽ മനംനൊന്ത് ഭാര്യ കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് മാറിയിരുന്നു. ഭർത്താവിന്റെ ഭീഷണി സന്ദേശം കണ്ടതിനെ തുടർന്ന് ഭാര്യ ഉടൻ തന്നെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ സ്ഥലത്തെത്തി വിളിച്ചിട്ട് വാതിൽ തുറക്കാത്തതിനെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.
പൊലീസെത്തി വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോൾ മുറി നിറയെ പുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ലവ് കുമാറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.









0 comments