മസ്‌കിന്‌ വഴിയൊരുക്കാൻ 
സ്‌പെക്‌ട്രം ലേലം അട്ടിമറിച്ചു ; സ്റ്റാർലിങ്കിൽ കേന്ദ്ര നടപടി ദുരൂഹം

modi musc starlink Deal
avatar
റിതിൻ പൗലോസ്‌

Published on Jun 09, 2025, 02:18 AM | 1 min read


ന്യൂഡൽഹി

ടെലികോം മേഖലയിലെ അഴിമതി അവസാനിപ്പിക്കാനെന്ന പേരിൽ മോദി സർക്കാർ കൊട്ടിഘോഷിച്ച്‌ നടപ്പാക്കിയ സ്‌പെക്‌ട്രം ലേല നയം അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്‌കിനു വേണ്ടി ചവറ്റുകുട്ടയിലെറിഞ്ഞു. 2014 മുതൽ മോദി സർക്കാർ പിന്തുടർന്ന നയമാണ്‌ അംബാനിയുടെ ജിയോ, ഭാരതി എയർടെൽ കമ്പനികളുടെ എതിർപ്പ്‌ തള്ളി ഉപേക്ഷിക്കുന്നത്‌. സ്റ്റാർലിങ്കിന്‌ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ (സാറ്റ്കോം) സ്‌പെക്‌ട്രം നൽകുമെന്നും ലേലം നടത്തില്ലെന്നും ടെലികോംമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സ്ഥിരീകരിച്ചു. ഒരു രാജ്യവും സ്‌പെക്‌ട്രം ലേലം നടത്താറില്ലെന്നും ഇന്ത്യയും അന്താരാഷ്‌ട്ര മാനദണ്ഡങ്ങളോട്‌ പൊരുത്തപ്പെടുകയാണെന്നുമാണ്‌ ന്യായം. സുതാര്യത ഒട്ടുമില്ലാതെ സ്‌പെക്‌ട്രം നൽകുന്ന യുപിഎ സർക്കാരിന്റെ 2004ലെ തീരുമാനമാണ്‌ മോദി സർക്കാർ പുനഃസ്ഥാപിക്കുന്നത്‌. ഇന്ത്യയുടെ 22 ‘ലോവർ എർത്ത്‌ ഓർബിറ്റു’കളിൽ എത്രയെണ്ണം സ്റ്റാർലിങ്കിന്റെ കൈയിലെത്തുമെന്ന്‌ കാത്തിരുന്നു കാണേണ്ടിവരും.


‘ആട്ടിൻ തോലണിഞ്ഞ ചെന്നായ’

സ്റ്റാർലിങ്കിനുള്ള വിളിപ്പേര്‌ ‘ആട്ടിൻ തോലണിഞ്ഞ ചെന്നായ’ എന്നാണ്‌. മാതൃസ്ഥാപനമായ സ്‌പേസ്‌എക്‌സിന്‌ അമേരിക്കൻ ഇന്റലിജൻസും സൈന്യവുമായും ദൃഢബന്ധമുണ്ട്‌. അമേരിക്കൻ സൈന്യത്തിനുവേണ്ടി ചാരഉപഗ്രഹങ്ങൾ നിർമിക്കുന്ന ‘സ്റ്റാർഷീൽഡ്‌’ പദ്ധതിയാണ്‌ 2021നുശേഷം സ്‌പേസ്‌എക്‌സിന്റെ മുഖ്യ വരുമാനസ്രോതസ്‌.


ലോകരാജ്യങ്ങളെ നിരീക്ഷണത്തിലാക്കുകയാണ്‌ ലക്ഷ്യം. ഇന്ത്യയിൽ സ്റ്റാർലിങ്കിന്‌ പ്രവർത്താനാനുമതി ലഭിക്കുന്നത്‌ രാജ്യത്തിന്റെ തന്ത്രപ്രധാന സൈനിക വിവരങ്ങൾ അമേരിക്കയുടെ കൈയിലെത്താൻ വഴിയൊരുക്കുമെന്ന്‌ ആശങ്കയുണ്ട്‌. സ്റ്റാർലിങ്കിന്റെ ബട്ടൺ താൻ അമർത്തിയാൽ ഉക്രയ്ൻ സൈന്യത്തിന്റെ മുൻനിര തകരുമെന്ന്‌ മസ്‌ക്‌ പറഞ്ഞത്‌ വലിയ ചർച്ചയായിരുന്നു.


മസ്‌കിന്‌ നേരിട്ട്‌ കേന്ദ്രം ലൈസൻസ്‌ എന്തിന്‌ നൽകുന്നുവെന്നതിൽ തൃപ്‌തികരമായ വിശദീകരണമില്ല. തന്ത്രപ്രധാന ഉപഗ്രഹ സ്‌പെക്‌ട്രം വിദേശകമ്പനികൾക്ക്‌ കൈമാറരുതെന്ന്‌ ആവശ്യപ്പെട്ട്‌ ഊർജ മന്ത്രാലയം മുൻ സെക്രട്ടറി ഇ എ എസ്‌ ശർമ ടെലികോം സെക്രട്ടറിക്ക്‌ കത്തുനൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home