മധ്യപ്രദേശിൽ ആൾദൈവത്തിന്റെ ആത്മീയ യാത്രയിൽ മരിച്ചവരുടെ എണ്ണം ഏഴായി

ഭോപ്പാൽ: മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ കുബേരേശ്വർ ധാമിൽ പുത്തൻ ആൾ ദൈവം സംഘടിപ്പിച്ച ഭക്തരുടെ റാലിയിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഗോരഖ്പൂരിൽ നിന്നുള്ള ഉപേന്ദ്ര (22), റായ്പൂരിലെ നിന്നുള്ള ദിലീപ് സിംഗ് (57) എന്നിവരാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ചു പേരും മണപ്പെട്ടു.
പ്രഖ്യാപിത ആൾദൈവം പണ്ഡിറ്റ് പ്രദീപ് മിശ്ര സംഘടിപ്പിച്ച കൻവാർ യാത്രയ്ക്കായി ലക്ഷക്കണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. യാതൊരു നിയമ പാലനവും നിയന്ത്രണവും ഇല്ലാതെ വലിയ ജനക്കൂട്ടം എത്തിച്ചേർന്നു. മുൻകരുതൽ ഒന്നുമില്ലാതെ തിക്കിലും തിരക്കിലും ദുരന്ത ഭീതി തുടരുന്നു. കുടിവെള്ളം, ഭക്ഷണം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പൂർണ്ണമായ തകർച്ച പ്രദേശവാസികൾക്കും ഭീഷണിയായി.
മൂന്ന് ലക്ഷത്തോളം പേർ യാത്രയിൽ പങ്കാളികളാവുന്നാതായാണ് വിവരം. ഹെലികോപ്റ്റർ ഉപയോഗിച്ച് പുഷ്പവൃഷ്ടി നടത്തി നാടകീയതയോടെയാണ് പരിപാടി. സിവാൻ നദിയിൽ നിന്ന് കുബേരേശ്വർ ധാമിലേക്ക് 11 കിലോമീറ്റർ ആയിരുന്നു ആദ്യ ദിവസത്തെ യാത്ര. നദിയിൽ നിന്ന് കുടത്തിൽ വെള്ളമെടുത്താണ് യാത്ര. സാരോപദേശ കഥകൾ പറഞ്ഞാണ് പ്രദീപ് മിശ്ര ഭക്തരെ ആകർഷിക്കുന്നത്.

പ്രതിഷേധം ഉയർന്നതോടെ മധ്യപ്രദേശ് മനുഷ്യാവകാശ കമ്മീഷൻ (എംപിഎച്ച്‌ആർസി) ആക്ടിംഗ് ചെയർപേഴ്‌സൺ രാജീവ് ടണ്ടൻ സെഹോർ കളക്ടറോടും എസ്‌പിയോടും അന്വേഷണം നടത്തി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
എന്നാൽ മരണങ്ങൾ എല്ലാം രോഗബാധ മൂലമാണെന്നാണ് പൊലീസ് വിശദീകരണം. ചൊവ്വാഴ്ച കുബേരേശ്വർ ധാമിലെ ചിതവാലിയ ഹേമ ഗ്രാമത്തിൽ 'രുദ്രാക്ഷ' വിതരണ ചടങ്ങിനിടെയാണ് ആദ്യ മരണങ്ങൾ റിപ്പോർട് ചെയ്തത്. 10 സ്ത്രീകൾക്ക് പരിക്കേറ്റു.
തീർത്ഥാടകരുടെ പ്രധാന പാതയായ ഇൻഡോർ-ഭോപ്പാൽ ഹൈവേ ചൊവ്വാഴ്ച രാത്രി മുതൽ സ്തംഭിച്ചിരിക്കുകയാണ്. വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയാണ്. ഹെവി വാഹനങ്ങൾക്കും ബദൽ റൂട്ടുകൾക്കും പോലീസ് ഔദ്യോഗികമായി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.









0 comments