കൊടും കുറ്റവാളികൾ അതിർത്തി കടക്കുന്നു
ജയിൽ തകർത്ത് പുറത്തെത്തി ഇന്ത്യയിലേക്ക്; 60 തടവുകാരെ അതിർത്തി രക്ഷാസേന പിടികൂടി

ലഖ്‌നൗ: നേപ്പാളിലെ കലാപത്തിന് തുടർച്ചയായി വിവിധ ജയിലുകളിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ച 60 തടവുകാരെ സുരക്ഷാ സേന പിടികൂടി.
ഇവരിൽ 22 പേർ ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗർ ജില്ലയിലെ അതിർത്തികൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. സശസ്ത്ര സീമ ബൽ ജവാൻമാരാണ് ഇവരെ പിടികൂടിയത്. ഈ തടവുകാർ ഡൽഹിബസാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബിഹാറിന് ചേർന്നുള്ള തെക്കൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ബൈർഗാനിയ ചെക്ക് പോയിന്റിന് സമീപം 13 തടവുകാരെ പിടികൂടി. മൂന്ന് പേരെ പശ്ചിമ ബംഗാളിലും പിടികൂടി. ബീഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, സിക്കിം എന്നീ സംസ്ഥാനങ്ങളിലായി ഇവരുടെ സാന്നിധ്യം ആശങ്കയാണ്. വിവിധ സ്ഥലങ്ങളിലായി ഇതുവരെ 60 പേർ പിടിയിലായതാണ് റിപ്പോർട്ട്.
15000 ജയിൽപുള്ളികൾ ഭീഷണി
നേപ്പാളിലെ രണ്ട് ഡസനിലധികം ജയിലുകളിൽ നിന്ന് 15,000 ത്തിലധികം തടവുകാർ രക്ഷപ്പെട്ടതായാണ് വിവരം. ജയിലിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ കുറഞ്ഞത് മൂന്ന് തടവുകാർ മരിച്ചു.
നേപ്പാളിലെ പടിഞ്ഞാറൻ ബാങ്കെയിലെ ബൈജ്‌നാഥ് റൂറൽ മുനിസിപ്പാലിറ്റി -3 ൽ സ്ഥിതി ചെയ്യുന്ന നൗബാസ്റ്റ റീജിയണൽ ജയിലിലെ നൗബാസ്റ്റ കറക്ഷണൽ ഹോമിൽ ചൊവ്വാഴ്ച രാത്രി സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് ജുവനൈൽ തടവുകാരും കൊല്ലപ്പെട്ടു.
ജയിലുകളിൽ ഏറ്റുമുട്ടലുകളും കൂട്ടക്കൊലകളും ഉണ്ടായതായും ആയിരക്കണക്കിന് തടവുകാർ തീവയ്പ്പുകൾക്കും കലാപങ്ങൾക്കും ഇടയിൽ പലായനം ചെയ്തതായും പ്രഥമിക റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗന്ധകി പ്രവിശ്യയിലെ കാസ്കി ജില്ലാ ജയിലിൽ നിന്ന് മാത്രം 773 പേർ രക്ഷപ്പെട്ടതായി ജയിലർ രാജേന്ദ്ര ശർമ്മ പറഞ്ഞു. രക്ഷപ്പെട്ടവരിൽ 13 ഇന്ത്യൻ പൗരന്മാരും നാല് വിദേശികളും ഉൾപ്പെടുന്നു.

ബാങ്കെ ജുവനൈൽ റിഫോം സെന്റർ (122), ബാങ്കെ ജില്ലാ ജയിൽ (436), കാഠ്മണ്ഡു വാലിയിലെ സുന്ദരയിലെ സെൻട്രൽ ജയിൽ (3,300), ലളിത്പൂരിലെ നക്കു ജയിൽ (1,400), ദില്ലിബസാർ ജയിൽ (1100) എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ തടവുകാർ രക്ഷപെട്ടത്.
മഹോത്താരിയിലെ ജലേശ്വർ ജയിൽ (575), സൺസാരിയിലെ ജുംക ജയിൽ (1,575), ചിത്വാൻ (700), കപിൽവാസ്തു ജില്ലാ ജയിൽ (459), കൈലാലി ജയിൽ (612), കാഞ്ചൻപൂർ (478), സിന്ധുലി ജയിൽ (500) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകൾ റിപ്പോർട് ചെയ്തിരിക്കുന്നത്.
എല്ലാ പ്രവിശ്യകളിൽ നിന്നുമുള്ള അന്തിമ കണക്കുകൾ ശേഖരിച്ചു വരികയാണെന്ന് ജയിൽ മാനേജ്‌മെന്റ് വകുപ്പ് അറിയിച്ചു. രക്ഷപ്പെട്ടവരെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി നേപ്പാൾ സൈന്യം, സായുധ പോലീസ് സേന, നേപ്പാൾ പോലീസ് എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സേനകളെ രാജ്യവ്യാപകമായി വിന്യസിച്ചിട്ടുണ്ടെന്ന് ഡയറക്ടർ ജനറൽ ലീലാ പ്രസാദ് ശർമ്മ പറഞ്ഞു.
തുറന്ന അതിർത്തി
ഇന്ത്യയും നേപ്പാളും 1751 കിലോമീറ്റർ തുറന്ന അതിർത്തി പങ്കിടുന്നുണ്ട്. വേലികളോ മറ്റ് തടസ്സങ്ങളോ ഇല്ല. ഭൂട്ടാനുമായി സമാനമായ 699 കിലോമീറ്റർ അതിർത്തിയുമുണ്ട്. തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ഇവിടെ ഇതര നടപടിക്രമങ്ങളുടെ തടസമില്ലാതെ അതിർത്തി കടക്കാം.
"എല്ലാ ചെക്ക് പോസ്റ്റുകളും അതീവ ജാഗ്രതയിലാണ്," എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എസ്‌എസ്‌ബിയുടെ രഹസ്യാന്വേഷണ വിഭാഗം അതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ നിരീക്ഷണം തുടരുകയാണ്. പിടിയിലായവരെ ലോക്കൽ പോലീസിന് കൈമാറി.
പിടിയിലായവരിൽ മയക്കുമരുന്ന് കള്ളക്കടത്ത്, ബലാത്സംഗം, മോഷണം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരും വിചാരണ നേരിടുന്നവരും ഉണ്ടെന്ന് സേന അറിയിച്ചു. എസ്എസ്ബി നേപ്പാളിലെ സായുധ പോലീസ് സേനയുമായി (എപിഎഫ്) സംയുക്ത പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്.









0 comments