ഉയരെ ഒരുമ്മ ; ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന 
നാലാമത്തെ 
രാജ്യം

space docking
avatar
ദിലീപ്‌ മലയാലപ്പുഴ

Published on Jan 17, 2025, 02:15 AM | 1 min read


തിരുവനന്തപുരം : ബഹിരാകാശത്ത്‌ ഇരട്ട ഉപഗ്രങ്ങളുടെ ഹസ്‌തദാനം, വീണ്ടും ചരിത്രം രചിച്ച്‌ ഐഎസ്‌ആർഒ. ഡോക്കിങ്‌ സാങ്കേതികവിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. രണ്ട്‌ ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന സങ്കീർണ സ്‌പെഡക്‌സ്‌ പരീക്ഷണം വ്യാഴം പുലർച്ചെയായിരുന്നു. 470 കിലോമീറ്റർ ഉയരത്തിൽ ടാർഗറ്റ്‌, ചേയ്‌സർ ഉപഗ്രഹങ്ങളെ നിയന്ത്രിച്ച്‌ അരികിലെത്തിച്ചാണ്‌ ഇത്‌ സാധ്യമാക്കിയത്‌. 200 മീറ്റർ അകലത്തിൽ ഒരേ പാതയിൽ സഞ്ചരിച്ചിരുന്ന ഇവയെ കഴിഞ്ഞദിവസം രാത്രിയിൽ 150 മീറ്റർ അടുത്തെത്തിച്ചിരുന്നു. വ്യാഴം പുലർച്ചെ രണ്ടിന്‌ ഇന്ത്യക്ക്‌ മുകളിലെത്തിയ ഉപഗ്രഹങ്ങളുടെ ദൂരം 15 മീറ്ററാക്കി കുറച്ചു. 4.30 ഓടെ 3.5 മീറ്ററിലേക്കും. പിന്നീട്‌ ഒന്നര മണിക്കൂറോളം അതേ നില തുടർന്നു. ത്രസ്‌റ്ററുകൾ ജ്വലിപ്പിച്ചാണ്‌ പാതനിയന്ത്രണം സാധ്യമാക്കിയത്‌.


ആറോടെ ഡോക്കിങ്‌ അവസാനഘട്ടത്തിലേക്ക്‌ കടന്നു. സെക്കൻഡിൽ നാലു മില്ലീമീറ്റർ എന്ന നിലയിലേക്ക്‌ വേഗം കുറച്ചു. 6.8ന്‌ കൃത്യതയോടെ രണ്ടു പേടകവും ഡോക്ക്‌ ചെയ്‌തു. 6:45ന് ദത്യേം പൂർത്തിയായി. സ്വയം നിയന്ത്രണ സംവിധാനത്തിൽ പ്രവർത്തിക്കുന്ന രണ്ട്‌ ലിവറുകൾ തുടർന്ന്‌ പേടകങ്ങൾക്ക്‌ ‘പൂട്ടിട്ടു’. ബംഗളൂരുവിലെ പ്രധാന നിയന്ത്രണകേന്ദ്രമായ ഇസ്‌ട്രാക്കിൽനിന്നുള്ള കമാൻഡുകൾ സ്വീകരിച്ചാണ്‌ ഉപഗ്രഹങ്ങൾ പ്രവർത്തിക്കുന്നത്‌. ഇസ്‌ട്രാക്ക്‌ ഡയറക്ടർ ഡോ. എ കെ അനിൽകുമാർ, യു ആർ റാവു സാറ്റ്‌ലൈറ്റ്‌ സെന്റർ ഡയറക്ടർ എം ശങ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി.


വെള്ളി ഇരു ഉപഗ്രഹങ്ങളും തമ്മിലുള്ള വൈദ്യുതിബന്ധം സ്ഥാപിക്കും. തുടർന്ന്‌ വേർപെടുത്തൽ പരീക്ഷണമായ അൺഡോക്കിങ്‌. വരുംദിവസങ്ങളിൽ ഇവ ആവർത്തിച്ച്‌ പരീക്ഷിക്കും. കഴിഞ്ഞ 30ന്‌ ശ്രീഹരിക്കോട്ടയിൽനിന്ന്‌ മുൻ ചെയർമാൻ ഡോ. എസ്‌ സോമനാഥിന്റെ നേതൃത്വത്തിലാണ്‌ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്‌. ഡോക്കിങ്‌ പരീക്ഷണ വിജയത്തിന്‌ പിന്നിൽ പ്രവർത്തിച്ചവരെ ചെയർമാൻ ഡോ. വി നരായണൻ അഭിനന്ദിച്ചു. നാസ, റഷ്യൻ സ്‌പേയ്‌സ്‌ ഏജൻസി, ചൈന ബഹിരാകാശ ഏജൻസി എന്നിവയാണ്‌ നിലവിൽ ഡോക്കിങ് സാങ്കേതികവിദ്യ കൈവരിച്ചിട്ടുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Home