ദേശീയ ആസ്ഥാനമന്ദിര ഉദ്ഘാടനത്തിൽ സോണിയയും പ്രിയങ്കയും വന്നില്ല; ലീഗിന് അതൃപ്തി

ന്യൂഡൽഹി: മുസ്‌ലീം ലീഗിന്റെ ആസ്ഥാനമന്ദിരമായ ഖാഇദേ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ എത്താത്തതിൽ അതൃപ്തി പുകയുന്നു. കോൺഗ്രസ് പാർലമെന്ററി പാർടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപിയും ചടങ്ങിലെത്താതാണ് ലീഗിനെ ചൊടിപ്പിച്ചത്. കേരളത്തിൽനിന്നുള്ള എംപിയായ പ്രിയങ്ക ഗാന്ധിയടക്കമുള്ളവർ ഡൽഹിയിലുണ്ടായിട്ടും പങ്കെടുക്കാത്തത് അവഹേളനമാണെന്ന വികാരം ലീഗിൽ ശക്തമായി.
കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് പാർടി പ്രതിനിധിയായി ചടങ്ങിൽ പങ്കെടുത്തത്. സമാജ്‌വാദി പാർടി അധ്യക്ഷനും എംപിയുമായ അഖിലേഷ് യാദവും ചടങ്ങിൽ എത്തിയില്ല. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണമുൾപ്പെടെയുള്ള പൊതുപരിപാടിയിൽ കോൺഗ്രസ്, മുസ്ലിംലീഗിന്റെ കൊടി വിലക്കിയത് പ്രവർത്തകരിൽ വലിയ അമർഷത്തിന് കാരണമായിരുന്നു. ലീഗിന്റെ പച്ചക്കൊടി പാകിസ്ഥാൻ പതാകയായി ചിത്രീകരിച്ച് ബിജെപി നടത്തിയ പ്രചാരണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ തയ്യാറാകാത്ത കോൺഗ്രസ് നേതൃത്വം അമിത് ഷാ വയനാടിനെ പാകിസ്ഥാൻ എന്ന് വിളിച്ചിട്ടും അനങ്ങിയിരുന്നില്ല. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിലമ്പൂരിൽ പ്രിയങ്ക ഗാന്ധി എംപി നടത്തിയ റോഡ് ഷോയിലും പൊതുയോഗത്തിലും ലീഗിന്റെ കൊടി വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്തെ പാർടിയുടെ ആസ്ഥാന മന്ദരിത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് മുതിർന്ന നേതാക്കൾ വിട്ടു നിന്നത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് മന്ദിരം ഉദ്ഘാടനം ചെയ്‌തത്. അഖിലേന്ത്യ പ്രസിഡന്റ് ഖാദർ മൊയ്‌തീൻ അധ്യക്ഷനായി. അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. തമിഴ്‌നാട് ന്യൂനപക്ഷകാര്യ മന്ത്രി എസ് എം നാസർ, ജാർഖണ്ഡ് മുക്തിമോർച്ച എം പി സർഫറാസ് അഹമ്മദ്, സമാജ് വാദി പാർട്ടി എം പി മൗലാന മൊഹിബ്ബുള്ള നദ്‌വി തുടങ്ങിയവർ സംസാരിച്ചു. ഇലക്ഷൻ ഫ്രോഡ്: ഡെത്ത് ഓഫ് ഡെമോക്രസി’ എന്ന വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ മുഖ്യപ്രഭാഷണം നടത്തി.









0 comments