സോനം വാങ്‌ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്ക; ഭാര്യ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ലഡാക്കിന്റെ ന്യായമായ ആവശ്യങ്ങൾക്കായി പ്രക്ഷോഭം നയിച്ചതിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ട പരിസ്ഥിതിപ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്മോ സുപ്രീംകോടതിയെ സമീപിച്ചു. ഒരാഴ്ചയായി തടവിൽ കഴിഞ്ഞുന്ന വാങ്‌ചുക്കിന്റെ ആരോഗ്യനിലയിൽ ആശങ്കയുണ്ടെന്നും ഹേബിയസ് കോർപസ് ഹർജിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം സോനം വാങ്‌ചുക്കിനെ വിട്ടയക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഗീതാഞ്ജലി ആങ്മോ രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം നൽകിയിരുന്നു ‘എന്റെ ഭർത്താവിന്റെ അന്യായ തടങ്കലിന് പുറമേ ഭരണസംവിധാനം ഞങ്ങളെ വേട്ടയാടുകയും നിരീക്ഷിക്കുകയും ചെയ്യുന്നത് അപലപനീയമാണ്. വാങ്ചുകിനു നേരെ നടക്കുന്നത് മര്യാദയില്ലാത്ത കടന്നാക്രമണമാണ്. ഇന്ത്യൻ സൈന്യത്തിന് ലഡാക്കിൽ താവളം ഉണ്ടാക്കാനും ലഡാക്കി ജനതയിൽ രാജ്യസ്നേഹം വളർത്താനും യത്നിച്ച വ്യക്തിയാണ് വാങ്ചുക്. ലഡാക്കിന്റെ സ്വന്തം പുത്രനെ തരംതാഴ്‌ന്ന രീതിയിൽ ആക്രമിക്കുന്നത് തന്ത്രപരമായ പാളിച്ചയാണ്’– ഗീതാഞ്ജലി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമത്തിലൂടെ ഗീതാഞ്‌ജലി കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ചു. ‘ഇന്ത്യയ്ക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചെന്ന് പറയാൻ കഴിയുമോ?. 1857ൽ 24,000 ബ്രിട്ടീഷുകാർ 1,35,000 ഇന്ത്യൻ ശിപായികളെ ഉപയോഗിച്ച് 30 കോടി ജനങ്ങളെ രാജ്ഞിയുടെ ആജ്ഞാനുസരണം അടക്കിഭരിച്ചു. ഇപ്പോൾ ചുരുക്കം ചില ഉദ്യോഗസ്ഥർ 2400 പൊലീസുകാരെ ആയുധമാക്കി ആഭ്യന്തര മന്ത്രാലയത്തിന്റെ ആജ്ഞാനുസരണം മൂന്നുലക്ഷം ലഡാക്കികളെ അടിച്ചമർത്തുകയാണ്’– അവർ എക്‌സിൽ കുറിച്ചു. ദേശീയ സുരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട സോനം വാങ്‌ചുകിനെ ജോധ്‌പുർ സെൻട്രൽ ജയിലിൽ അടച്ചിരിക്കുകയാണ്.









0 comments