പാകിസ്ഥാനിൽ നടന്നത് യുഎൻ പരിപാടി
'ആരോപണം ഭരണപരാജയം മറയ്‌ക്കാന്‍ ' ; കേന്ദ്രസര്‍ക്കാരിനെതിരെ വാങ്ചുക്കിന്റെ ഭാര്യ

ന്യൂഡൽഹി
സോനം വാങ്‌ചുക്കിന് എതിരെ കേന്ദ്രസർക്കാരും പൊലീസും ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമെന്ന് ഭാര്യ ഗീതാഞ്‌ജലി ജെ അംഗ്‌മോ. സോനം വാങ്‌ചുക്കിനെ അറസ്റ്റുചെയ്‌ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിൽനിന്ന് ഒരറിയിപ്പും ലഭിച്ചിട്ടില്ല. കേന്ദ്രഭരണപ്രദേശമായ ലഡാക്കിന് സംസ്ഥാനപദവി, ആറാംഷെഡ്യൂൾ അനുസരിച്ചുള്ള പരിരക്ഷ തുടങ്ങിയ വാഗ്‌ദാനങ്ങൾ പാലിക്കാത്തത് നാലുവർഷം മുന്പ് ചോദ്യം ചെയ്‌തതോടെയാണ് വാങ്‌ചുക് അധികൃതരുടെ കണ്ണിലെ കരടായത്.
അദ്ദേഹവുമായി ബന്ധപ്പെട്ട സംഘടനകൾക്കെതിരെ നിയമനടപടി ശക്തമാക്കി. അദ്ദേഹവും അനുയായികളും ഇന്റലിജൻസ് ബ്യൂറോയുടെ നിരീക്ഷണത്തിലായി. വാഗ്‌ദാനം പാലിക്കുമെന്നുകരുതി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിക്കാണ് വോട്ട് ചെയ്‌തത്. വർഷങ്ങൾ കഴിഞ്ഞിട്ടും വാഗ്‌ദാനം പാലിക്കാത്തതോടെയാണ് സമാധാനപൂർണമായ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചത്.
പാക് ബന്ധമുണ്ടെന്നത് പോലെയുള്ള അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നത് കേന്ദ്രസർക്കാരിന്റെ ഭരണപരാജയം മറച്ചുവയ്ക്കാൻ വേണ്ടിയാണ്. പരിസ്ഥിതിപ്രവർത്തകനെന്ന നിലയിലാണ് വാങ്‌ചുക് യുഎൻ ആഭിമുഖ്യത്തിൽ പാകിസ്ഥാനിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. കാലാവസ്ഥാമാറ്റവും ഹിമാനികളുടെ ഉരുകലും മറ്റും ഹിമാലയൻ മേഖലയ്‌ക്ക് ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചായിരുന്നു ചർച്ച. ഹിമാനികൾ ഉരുകി വെള്ളപ്പൊക്കമുണ്ടായാൽ അത് ഇന്ത്യയെയും പാകിസ്ഥാനെയും ഒരുപോലെ ബാധിക്കുമെന്നത് ആരോപണം ഉന്നയിക്കുന്നവർ മനസ്സിലാക്കണം– ഗീതാഞ്‌ജലി പറഞ്ഞു. ലഡാക്കിലെ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സ്(എച്ച്‌ഐഎഎൽ) സ്ഥാപകയും ഡയറക്‌ടറുമാണ് ഗീതാഞ്‌ജലി.









0 comments