‘ക്രിക്കറ്റ് കളിക്കാം, സമ്മേളനത്തിൽ പങ്കെടുത്തതോ കുറ്റം’

ജോഷിമഠ് ബച്ചാവോ സംഘർഷ് സമിതി പ്രതിനിധി അതുൽ സതി , കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് നേതാവ് സജ്ജാദ് കാർഗിലി എന്നിവർ വാർത്താസമ്മേളനത്തിൽ
ന്യൂഡൽഹി
സോനം വാങ്ചുക്കിന് പാകിസ്ഥാനുമായി ബന്ധമെന്ന കേന്ദ്രസർക്കാർ ആരോപണം അടിസ്ഥാന രഹിതമെന്ന് കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) നേതാവ് സജ്ജാദ് കാർഗിലി പറഞ്ഞു. കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ പങ്കെടുക്കാനാണ് വാങ്ചുക് ഇസ്ലാമാബാദിൽ പോയത്. പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് കുറ്റമല്ലെങ്കിൽ പിന്നെ ഇതെങ്ങനെയാണ് കുറ്റമാവുകയെന്നും സജ്ജാദ് ചോദിച്ചു. വാങ്‌ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പീപ്പിൾ ഫോർ ഹിമാലയ വിളിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെളിവില്ലാതെ ദുഷ്‌ടലാക്കോടെയാണ് ആരോപണം ഉന്നയിക്കുന്നത്. ലഡാക്കിൽ ജനാധിപത്യം നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. നിയന്ത്രണരേഖയിൽ ആയതിനാൽ ജനങ്ങളുടെ അവകാശങ്ങളെ സർക്കാർ കവരുകയാണ്. ആറാം പട്ടികയിൽപ്പെടുത്താമെന്ന വാഗ്‌ദാനം നടപ്പാക്കിയില്ല. ഗോത്ര വിഭാഗങ്ങൾക്കുള്ള അവകാശങ്ങളും ഹനിക്കപ്പെട്ടു. ലഡാക്കിലെ അസ്ഥിരതയ്‌ക്കെതിരെയാണ് സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
കൊല്ലപ്പെട്ടവരിൽ ഒരാൾ മുൻ സൈനികനാണ്. സർക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്വം. ഒക്‌ടോബർ ആറിന് നടക്കുന്ന യോഗത്തിന് മുന്നോടിയായി ചൊവ്വാഴ്‌ച കേന്ദ്ര സർക്കാരുമായിചർച്ച നടത്തും –സജ്ജാദ് കാർഗിലി പറഞ്ഞു.
ഉത്തരാഖണ്ഡിലെ ജോഷിമഠ് ബച്ചാവോ സംഘർഷ് സമിതി പ്രതിനിധി അതുൽ സതി, ഹിംധാര കളക്‌ടീവ് പ്രതിനിധി മൻഷി ആഷർ, ക്ലൈമറ്റ് ഫ്രണ്ട് ജമ്മു പ്രതിനിധി അൻമുൽ ഓഹ്രി തുടങ്ങിയവരും സംസാരിച്ചു.









0 comments