ഏകപക്ഷീയ അറസ്റ്റുകൾ ; ലഡാക്ക്‌ ഭീതിയുടെ നിഴലിൽ

വാങ്ചുക്കിന്റെ അറസ്റ്റ്‌ ; സമാധാനശ്രമത്തിന്‌ തിരിച്ചടി

Sonam Wangchuk arrest
വെബ് ഡെസ്ക്

Published on Sep 29, 2025, 04:07 AM | 2 min read


ന്യൂഡൽഹി

ജനകീയപ്രതിഷേധത്തിനു നേതൃത്വം നൽകുന്ന പരിസ്ഥിതിപ്രവർത്തകൻ സോനം വാങ്‌ചുകിന്റെ അറസ്റ്റ്‌ ​ലഡാക്കിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക്‌ വൻതിരിച്ചടിയാകുമെന്ന്‌ വിലയിരുത്തൽ. 2019ൽ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയപ്പോൾ നൽകിയ വാഗ്‌ദാനങ്ങളൊന്നും മോദിസർക്കാർ നടപ്പാക്കിയില്ല. വാക്കുപാലിക്കണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ചുള്ള പ്രതിഷേധങ്ങളുടെ നായകനെ ജയിലിലടച്ചത്‌ താഴെത്തട്ടിൽ അവിശ്വാസവും അതൃപ്‌തിയും വർധിപ്പിച്ചിട്ടുണ്ട്‌. വാങ്‌ചുകിന്‌ പാകിസ്ഥാൻ ബന്ധമുണ്ടെന്നും സമാധാനശ്രമങ്ങൾക്ക്‌ തുരങ്കംവയ്ക്കുകയാണെന്നുമുള്ള സർക്കാരിന്റെയും പൊലീസിന്റെയും പ്രചാരണങ്ങൾ ജനങ്ങളെ രോഷാകുലരാക്കി.


ഒക്ടോബർ ആറിനാണ്‌ ലഡാക്കിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും കേന്ദ്രസർക്കാരും അടുത്തവട്ട ചർച്ച നടത്തുന്നത്‌. ഇതിനു മുന്നോടിയായി തിങ്കളാഴ്ച യോഗമുണ്ട്‌. ലേ അപെക്‌സ്‌ ബോഡി (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക്‌ അലയൻസ്‌ (കെഎഡി) പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌. വാങ്ചുകിന്റെ അറസ്റ്റിനെ തുടർന്ന്‌ ഇ‍ൗ പ്രതിനിധികൾ യോഗം ബഹിഷ്‌കരിച്ചേക്കുമെന്ന്‌ റിപ്പോർട്ടുണ്ടായിരുന്നു. അത്തരം തീരുമാനം വലിയദോഷം ചെയ്യുമെന്നതിനാൽ തൽക്കാലം യോഗത്തിൽ പങ്കെടുക്കാനാണ്‌ തീരുമാനം.


മുഖ്യധാരാ പാർടികളും പ്രാദേശിക കക്ഷികളും മനുഷ്യാവകാശ സംഘടനകളും എല്ലാം വാങ്ചുകിന്റെ അറസ്റ്റിനെ ശക്തമായി അപലപിച്ചിട്ടുണ്ട്‌. ലഡാക്കിലെ ജനകീയപ്രതിഷേധങ്ങളുടെ മുഖമായ വാങ്‌ചുകിനെ രാജ്യദ്രോഹിയാക്കി ചിത്രീകരിച്ച്‌ ദീർഘകാലം ജയിലിലിട്ടാൽ സമരങ്ങളും പ്രതിഷേധങ്ങളും തൽക്കാലം ഇല്ലാതാക്കാമെന്നാണ്‌ സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ, ലഡാക്കിന്‌ സംസ്ഥാനപദവി, ഭരണഘടനാപരമായ പരിരക്ഷ, മതിയായ പ്രാതിനിധ്യം, യുവാക്കൾക്ക്‌ തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭങ്ങൾ ഭാവിയിലും തുടരും. ‘ഒരു വാങ്‌ചുക്‌ പോയാൽ അതിനേക്കാൾ കരുത്തനായ വേറൊരു വാങ്‌ചുക്‌ ഉണ്ടാകു’മെന്നാണ്‌ ലഡാക്ക്‌ നിവാസികൾ പറയുന്നത്‌.


അഞ്ചാംദിവസവും ലേയിൽ നിരോധനനാജ്ഞ തുടരുകയാണ്‌. മൊബൈൽ ഇന്റർനെറ്റ്‌ സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല. ലെഫ്‌.ഗവർണർ കവീന്ദർ ഗുപ്‌തയുടെ ആഭിമുഖ്യത്തിൽ ഉന്നതതല യോഗം ചേർന്ന്‌ സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തി.


വാങ്‌ചുകിനെ 
മോചിപ്പിക്കണം: 
എസ്‌കെഎം

ലഡാക്ക്‌ ജനതയുടെ അവകാശങ്ങൾക്കായി നിരാഹാരമിരുന്ന പരിസ്ഥിതിപ്രവർത്തകൻ സോനം വാങ്‌ചുകിനെ രാജ്യദ്രോഹിയായി മുദ്രകുത്തി അറസ്റ്റുചെയ്‌ത കേന്ദ്രസർക്കാർ നടപടിയെ അപലപിച്ച്‌ സംയുക്ത കിസാൻ മോർച്ച. വാങ്‌ചുകിനെയും സഹപ്രവർത്തകരെയും ഉടൻ മോചിപ്പിക്കണമെന്നും ലഡാക്കിന്‌ സംസ്ഥാനപദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള അവകാശങ്ങളും നൽകണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. നാലുയുവാക്കൾ വെടിയേറ്റുമരിച്ചതിൽ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. ജമ്മു കശ്‌മീരിന്റെ സംസ്ഥാനപദവി റദ്ദാക്കിയശേഷം ലഡാക്കിൽ തൊഴിലില്ലായ്‌മ കുതിച്ചുകയറി. തൊഴിലില്ലായ്‌മ പരിഹരിക്കേണ്ടതിനുപകരം ലഡാക്കിന്റെ വിഭവങ്ങൾ കുത്തക കന്പനികൾക്ക്‌ തീറെഴുതുകയാണ്‌. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി, ദേശീയ സുരക്ഷ തുടങ്ങിയവയിൽ ബിജെപി–ആർഎസ്‌എസ്‌ നയം പരാജയപ്പെട്ടെന്നതിന്‌ തെളിവാണ്‌ ലഡാക്കിലെ പ്രശ്‌നങ്ങൾ– എസ്‌കെഎം പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.



ഏകപക്ഷീയ അറസ്റ്റുകൾ ; ലഡാക്ക്‌ ഭീതിയുടെ നിഴലിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി

​ലഡാക്കിൽ ജനകീയ പ്രതിഷേധം അടിച്ചമർത്താൻ നടത്തിയ കൂട്ടഅറസ്റ്റിൽ പ്രതിഷേധം ശക്തമാകുന്നു. റോഡരികിൽ കാഴ്‌ചക്കാരായിരുന്നവരെപോലും പൊലീസും സിആർപിഎഫും ചേർന്ന്‌ ‘ഭീകരരെ’ പോലെ പിടിച്ചുകൊണ്ടുപോയെന്നാണ്‌ ആക്ഷേപം.

അറസ്റ്റ്‌ ചെയ്യുന്പോൾ നടപടിക്രമങ്ങൾ പാലിച്ചില്ല, അറസ്‌റ്റിലായവർക്ക്‌ അവശ്യമരുന്നുപോലും നൽകുന്നില്ല, മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ഉയർന്നിട്ടുണ്ട്‌.

‘നിരപരാധികൾ നിരവധി പേർ അറസ്‌റ്റിലായിട്ടുണ്ട്‌. ഇത്തരം ഏകപക്ഷീയമായ നടപടികൾ ഒരുകാരണവശാലും അംഗീകരിക്കാനാകില്ല. പൊലീസുകാർ കോടതിയിൽ മറുപടി പറയേണ്ടി വരും’– ലഡാക്ക്‌ ക‍ൗൺസിൽ പ്രസിഡന്റ്‌ മുഹമദ്‌ ഷാഫി ലാസു പ്രതികരിച്ചു. പൊലീസ്‌ സ്‌റ്റേഷനുകളിൽ നിറയെ ബിജെപിക്കാരാണെന്നും അവർ കൈമാറുന്ന ലിസ്‌റ്റ്‌ പ്രകാരമാണ്‌ കൂട്ടഅറസ്‌റ്റുകളെന്നും പരാതികളുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home