മുദ്രാവാക്യം വിളിച്ചും കഫിയയണിഞ്ഞും പാർടി കോൺഗ്രസ് പ്രതിനിധികൾ; പലസ്‌തീൻ ജനതയോട് ഐക്യദാർഢ്യം

മധുര: പലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 24ാം പാർടി കോൺഗ്രസ്. മുദ്രാവാക്യം വിളിച്ചും കഫിയയണിഞ്ഞുമാണ് പലസ്തീൻ ജനതയോട് പാർടി കോൺഗ്രസ് പ്രതിനിധികൾ ഐക്യപ്പെട്ടത്.
സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണി അലി ഉയർത്തിയ പലസ്‌തീൻ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ പ്രതിനിധികൾ ഏറ്റുചൊല്ലി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പലസ്‌തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു.
പാർടി കോൺഗ്രസിൽ അവതരിപ്പിച്ച പ്രമേയം
2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം പലസ്തീനിലെ ഗാസയിൽ ഇസ്രയേൽ വംശഹത്യ ആരംഭിച്ചു. ക്രൂരമായ ആക്രമണത്തിൽ 50,000ത്തിലധികം പലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആദ്യ ഘട്ട വെടിനിർത്തൽ പൂർത്തിയായ ഉടൻ തന്നെ ഇസ്രയേൽ ഗാസയിൽ ആക്രമണം പുനരാരംഭിച്ചു. അതിനുശേഷം ഗാസയിലേക്കുള്ള ഭക്ഷണം, വെള്ളം, ഇന്ധനം, സഹായം, മറ്റ് എല്ലാ അവശ്യവസ്തുക്കളുടെയും വിതരണം അവർ നിർത്തിവച്ചു. ഗാസയെ ശ്വാസം മുട്ടിച്ച് പട്ടിണിയിലേക്ക് തള്ളിവിടാനാണ് ഇസ്രയേൽ ഉദ്ദേശിക്കുന്നത്. ആശുപത്രികൾ, സഹായ വാഹനങ്ങൾ, യുഎൻ അഭയാർഥി കേന്ദ്രങ്ങൾ, സ്കൂളുകൾ, പള്ളികൾ എന്നിവയ്ക്ക് നേരെ ആക്രമണം ഉണ്ടായി.
ഇസ്രയേലിന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിൽ 60 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. മാധ്യമപ്രവർത്തകരും യുഎൻ സന്നദ്ധ പ്രവർത്തകരും കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങളെല്ലാം ഇസ്രയേൽ രാഷ്ട്രത്തിന്റെ വംശഹത്യ സ്വഭാവത്തെ പ്രകടമാക്കുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനും മറ്റ് ഇസ്രയേൽ നേതാക്കൾക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വെസ്റ്റ് ബാങ്കിലെ പലസ്തീൻ ഭൂമി കൈവശപ്പെടുത്തി ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഇസ്രയേൽ, സയണിസ്റ്റ് കുടിയേറ്റക്കാരെ സജീവമായി പ്രോത്സാഹിപ്പിക്കുന്നു. ഈ രീതിയിൽ, വെസ്റ്റ് ബാങ്കിലെ പലസ്തീൻ പ്രദേശം അവർ പതുക്കെ പിടിച്ചെടുക്കുകയാണ്. ഗ്രേറ്റർ ഇസ്രയേൽ സ്ഥാപിക്കുക എന്ന തങ്ങളുടെ അജണ്ട സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി പലസ്തീനികളെ അവരുടെ മാതൃരാജ്യത്ത് നിന്ന് ആട്ടിയോടിക്കുക, പലസ്തീൻ പൂർണമായും പിടിച്ചെടുക്കുക എന്നിവയാണ് ഇസ്രയേൽ ലക്ഷ്യം.
പലസ്തീനിനെതിരായ ഇസ്രയേലിന്റെ ആക്രമണത്തെ അമേരിക്കയും പശ്ചിമ യൂറോപ്പിലെ മറ്റ് സാമ്രാജ്യത്വ രാജ്യങ്ങളും പിന്തുണയ്ക്കുന്നു. അന്താരാഷ്ട്ര വേദികളിൽ അവർക്കൊപ്പം നിൽക്കുകയും ആയുധങ്ങൾ നൽകുകയും ചെയ്യുന്നു. ഗാസയിൽ താമസിക്കുന്ന എല്ലാ പലസ്തീനികളെയും പുറത്താക്കി, ഗാസയെ വിനോദസഞ്ചാരികളുടെ പറുദീസയാക്കി മാറ്റാനുള്ള ട്രംപിന്റെ പദ്ധതികളുടെ പ്രഖ്യാപനം ഇസ്രയേലിന്റെ താൽപ്പര്യങ്ങൾക്ക് ഒപ്പമാണ്.
പലസ്തീനോട് ഇന്ത്യ ദീർഘകാലമായി സ്വീകരിച്ചുവന്ന ഔദ്യോഗിക നിലപാടിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വെള്ളം ചേർത്തു. പലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കുകയും ഇസ്രയേലിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്യുന്നതിന് പകരം, ബിജെപി സർക്കാർ ഇപ്പോൾ ഇസ്രയേലിനൊപ്പമാണ്. ഇന്ത്യയുടെ നിലപാടുകൾ വികസ്വര രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ വിശ്വാസ്യതയെ തകർത്തു. ഇപ്പോൾ ഇസ്രയേലിന്റെയും യുഎസിന്റെയും സഖ്യകക്ഷിയായാണ് ഇന്ത്യ കണക്കാക്കപ്പെടുന്നത്.
തങ്ങളുടെ നിലപാടുകൾ സംരക്ഷിക്കുന്നതിനായി സംഘപരിവാറുമായി ചേർന്ന് ബിജെപി ഇസ്രയേലിന്റെ ആക്രമണത്തെ മതയുദ്ധമായി ചിത്രീകരിക്കുന്നു. ദേശീയതയെ മതവുമായി തിരിച്ചറിയുന്നതിലും മുസ്ലീങ്ങളോടുള്ള അവരുടെ വിദ്വേഷത്തിലും ആർഎസ്‌എസ് സയണിസ്റ്റുകളുമായി അടുത്ത പ്രത്യയശാസ്ത്ര ബന്ധം പങ്കിടുന്നു.
ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് സിപിഐ എം 24-ാം പാർടി കോൺഗ്രസ് ആവശ്യപ്പെടുന്നു. ഇസ്രയേലിനെ വംശഹത്യനടത്തുന്ന രാഷ്ട്രമായി പ്രഖ്യാപിക്കുകയും അതനുസരിച്ച് നടപടിയെടുക്കുകയും വേണം. ബിജെപി സർക്കാർ ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് നിർത്തി പലസ്തീനിനെ പിന്തുണയ്ക്കുന്ന സ്ഥാപിത ഇന്ത്യൻ നയത്തിലേക്ക് മടങ്ങണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. കിഴക്കൻ ജറുസലേം തലസ്ഥാനമായും 1967-ന് മുമ്പുള്ള അതിർത്തികൾ പുനസ്ഥാപിച്ചതുമായ ഒരു പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ മേഖലയിൽ ശാശ്വത സമാധാനം സാധ്യമാകൂ. 24-ാമത് പാർടി കോൺഗ്രസ് പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും തങ്ങളുടെ മാതൃരാജ്യത്തിനായുള്ള ന്യായമായ പോരാട്ടത്തിൽ പലസ്തീൻ ജനതയ്‌ക്കൊപ്പം ഉറച്ചുനിൽക്കാൻ ഇന്ത്യൻ ജനതയോട് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.









0 comments