മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജ്യം വിട്ടെന്ന പ്രചാരണം തള്ളി, ഇവിടെ തന്നെയുണ്ടെന്ന് ഉറ്റവർ

ന്യൂഡൽഹി: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ രാജ്യം വിട്ടെന്ന അഭ്യൂഹം തള്ളി അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങൾ. രാജീവ് കുമാർ ഇന്ത്യവിട്ട് മാൾട്ടയിൽ സ്ഥിര താമസമാക്കി എന്ന നിലയ്ക്ക് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രചാരണം സുഹൃത്തുക്കൾ തള്ളി.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും നിർണായകമായ ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളും നടക്കുന്ന സമയത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആയിരുന്നു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കുമാർ സിഇസി ആയിരുന്നു.
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ത്യയിലാണെന്നും മാൾട്ടയിൽ സ്ഥിരതാമസമാക്കിയിട്ടില്ലെന്നും കുമാറുമായി അടുത്ത ആളുകൾ പറഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. കർണാടക, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ "വോട്ട് ചോരി" ആരോപണം ഉയർന്നതോടെയാണ് മുൻ കമ്മീഷണർ എവിടെ എന്ന നിലയ്ക്ക് ചർച്ചകൾ ഉയർന്നത്. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) രാജീവ് കുമാറിനെതിരെ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് തൃണമൂൽ കോൺഗ്രസ് തിങ്കളാഴ്ച ആവശ്യപ്പെട്ടു.
31 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പ് നടത്തിപ്പ്, 2022 ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ, രാജ്യസഭാ തെരഞ്ഞെടുപ്പുകൾ എന്നിവയ്ക്ക് മേൽനോട്ടം വഹിച്ചത് രാജീവ് കുമാറാണ്.
2020 സെപ്റ്റംബർ ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷണറായി ഉത്തരവാദിത്വമേറ്റു. 2022 മെയ് 15 ന് 25-ാമത് സിഇസിയായി ചുമതലയേൽക്കുകയും ചെയ്തു. രണ്ട് പദവികളിലുമായി ഏകദേശം നാലര വർഷത്തോളം ജോലി നിർവഹിച്ചു. 2025 ഫെബ്രുവരി 19 ന് ഗ്യാനേഷ് കുമാർ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു.
രാജീവ് കുമാർ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫലപ്രാപ്തി, വോട്ടർ ഡാറ്റയിൽ കൃത്രിമം കാണിക്കൽ, ഭരണകക്ഷിയായ ബിജെപിയോട് പക്ഷപാതപരമായ അടുപ്പം തുടങ്ങിയ നിരവധി വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്നും പലപ്പോഴും വിമർശനങ്ങൾ നേരിട്ടിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനിൽ ചുമതലയേൽക്കുന്നതിന് മുമ്പ് 2020 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് ചെയർമാനായിരുന്നു. 2019 ജൂലൈ മുതൽ 2020 ഫെബ്രുവരി വരെ കേന്ദ്ര ധനകാര്യ സെക്രട്ടറിയും 2017 സെപ്റ്റംബർ മുതൽ 2019 ജൂലൈ വരെ ധനകാര്യ സേവന സെക്രട്ടറിയും 2015 മാർച്ച് മുതൽ 2017 ജൂൺ വരെ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫീസറുമായിരുന്നു.
1984 ബാച്ചിലെ ബീഹാർ/ജാർഖണ്ഡ് കേഡറിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥനാണ്. അദ്ദേഹം 2020 ഫെബ്രുവരിയിൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചു.









0 comments