ഡൽഹിയിലെ മോശം വായു ഗുണനിലവാരം; ഗർഭിണികളിൽ ആരോഗ്യ വെല്ലുവിളികളുണ്ടായേക്കാമെന്ന് ഡോക്ടർമാർ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ആശങ്കാജനകമാംവിധം ഉയർന്ന നിലയിൽ തുടരുകയാണ്. കുട്ടികളെയും മുതിർന്നവരെയും ഡൽഹിയിലെ കാലാവസ്ഥ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നഗരത്തിലെ മോശം കാലാവസ്ഥ ഗർഭിണികളിൽ വരുത്തുന്ന ആരോഗ്യ വെല്ലുവിളികളെക്കുറിച്ച് ആശങ്കകളറിയിച്ചിരിക്കുകയാണ് ഡോക്ടർമാർ. നിരവധിയാളുകളിൽ ശ്വാസതടസ്സം, ക്ഷീണം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ അനുഭവപ്പെടുന്നതായാണ് റിപ്പോർട്ട്.
വിഷവായു ശ്വസിക്കുന്നതിലൂടെ ഗർഭിണികൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും കൂടുതൽ അപകടസാധ്യതകൾ സൃഷ്ടിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നിരുന്നാലും ഈ സാഹചര്യങ്ങളിൽ പെട്ടെന്നുള്ള സ്ഥലംമാറ്റമോ, യാത്രകളോ ഡോക്ടർമാർ നിർദേശിക്കുന്നില്ല. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ തുടങ്ങിയ ദുർബല വിഭാഗങ്ങൾക്കാണ് ഡൽഹിയിലെ വായു മലിനീകരണം ഏറ്റവും അധികം ഭീഷണിയാകുന്നത്.
നഗരത്തിലെ വായുവിൽ വ്യാപകമായ സൂക്ഷ്മ കണികകൾ (PM2.5, PM10,) രക്തപ്രവാഹത്തിലൂടെ കടന്നുപോകും. ഗർഭിണികളിൽ ഇവ പ്ലാസന്റയെ ബാധിച്ച് കുഞ്ഞിലേക്കുള്ള ഓക്സിജൻ വിതരണം കുറയ്ക്കാൻ സാധ്യതയുണ്ട്. ഇത് അകാല പ്രസവ സാധ്യത (ഗർഭസ്ഥ ശിശുവിന് പൂർണ വളർച്ച എത്തുന്നതിനുമുമ്പേ) വർദ്ധിപ്പിക്കുമെന്ന് ഗൈനക്കോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. മലിനീകരണം കൂടുതലുള്ള മാസങ്ങളിൽ നഗരത്തിലൂടെ യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.
മോശം വായു ഗർഭകാലത്ത് ക്ഷീണം, ഓക്കാനം, ശ്വാസതടസം എന്നിവ വർദ്ധിപ്പിക്കും. N95 മാസ്കുകൾ, എയർ പ്യൂരിഫയറുകൾ എന്നിവ ഉപയോഗിക്കുക, ജനാലകൾ അടച്ചിടുക, ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക, മലിനീകരണം കൂടുതലുള്ള സമയങ്ങളിൽ പുറത്തിറങ്ങാതിരിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
ഡൽഹിയിലെ കാലാവസ്ഥയും വായു ഗുണ നിലവാരവും അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. 399 എക്യുഐയാണ് വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ ഡൽഹിയുടെ ശരാശരി വായു ഗുണനിലവാര സൂചിക. കഠിനമായ പുകമഞ്ഞിന്റെ സാന്നിധ്യമാണ് ഡൽഹിയിലുള്ളത്. "വളരെ മോശം" വിഭാഗത്തിലാണ് നിലവിലെ വായു ഗുണനിലവാര സൂചിക. ബുധനാഴ്ച 392 എക്യുഐ ആണ് രേഖപ്പെടുത്തിയിരുന്നത്.









0 comments