ആറാം ക്ലാസുകാരി സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു; നീതി കിട്ടണമെന്നാവശ്യപ്പെട്ട് അമ്മയുടെ വീഡിയോ

ന്യൂഡൽഹി: ആറാം ക്ലാസുകാരി സ്കൂളിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിലെ സത്യാവസ്ഥ അറിയണമെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് അമ്മയുടെ വീഡിയോ. സെപ്റ്റംബർ നാലിനാണ് നോയിഡയിലെ പ്രിസീഡിയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന തനിഷ്‌ക ശർമ്മ സ്കൂളിൽ കുഴഞ്ഞുവീണു മരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം മകളുടെ മരണത്തിലെ സത്യാവസ്ഥ അറിയണമെന്നും തങ്ങൾക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് തനിഷ്‌കയുടെ അമ്മ ത്രിപ്ത ശർമ്മ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കുവച്ചു.
'സെപ്റ്റംബർ നാലിന് രാവിലെ മകളെ സ്കൂളിൽ കൊണ്ടുവിട്ടതാണ്. അന്നവിടെ അധ്യാപകദിനാഘോഷത്തിന്റെ പരിപാടികൾ നടക്കുകയായിരുന്നു. പകൽ 11.30 ആയപ്പോഴേക്കും മകൾ കുഴഞ്ഞുവീണു എന്നും അടുത്തുള്ള കൈലാഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ് എന്നും പറഞ്ഞ് സ്കൂളിൽ നിന്ന് ഫോൺ വന്നു. ആശുപത്രിയിലെത്തിയപ്പോൾ മകളെ കൊണ്ടുവന്നപ്പോഴേ മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. എന്റെ മകൾക്ക് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള അവകാശം എനിക്കുണ്ട്. ഞങ്ങൾക്ക് നീതി ലഭിക്കണം'- തൃപ്തി ശർമ്മ പറഞ്ഞു.
സംഭവം നടന്ന സമയം തനിഷ്‌ക ആഹാരം കഴിച്ചപ്പോൾ ശ്വാസം മുട്ടി മരിച്ചതാണ് എന്നാണ് സ്കൂൾ അധികൃതർ പറഞ്ഞിരുന്നത്. പിന്നീടാണ് സ്കൂളിൽ കുഴഞ്ഞുവീണു എന്നും ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് മരിച്ചത് എന്നും പറഞ്ഞത്. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മുറിവുകൾ ഒന്നുമില്ല. കൂടുതൽ പരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സ്കൂളിനും സ്കൂൾ അധികൃതർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും നോയിഡ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു.









0 comments