ശിവാജി ഗണേശന്റെ ബംഗ്ലാവിന്റെ ഭാഗം കണ്ടുകെട്ടില്ല; ഉത്തരവ് പിൻവലിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ : ഇതിഹാസ നടൻ ശിവാജി ഗണേശന്റെ ബംഗ്ലാവിന്റെ നാലിലൊരു ഭാഗം കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിച്ച് മദ്രാസ് ഹൈക്കോടതി. ബംഗ്ലാവിന്റെ ഏക അവകാശി താനാണെന്ന ശിവാജി ഗണേശന്റെ മകൻ പ്രഭുവിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. നടന്റെ മറ്റൊരു മകനായ ജി രാംകുമാറിന്റെ മകൻ ദുഷ്യന്തും ഭാര്യ അഭിരാമി ദുഷ്യന്തും വായ്പയെടുത്ത കേസുമായി ബന്ധപ്പെട്ടാണ് സ്വത്ത് കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടിരുന്നത്.
ചെന്നൈ ടി നഗറിലെ അണ്ണൈ ഇല്ലം എന്ന ബംഗ്ലാവിന്റെ പേരിലായിരുന്നു വിവാദം. ജസ്റ്റിസ് അബ്ദുൾ ഖുദോസാണ് ബംഗ്ലാവിന്റെ നാലിലൊരു ഭാഗം കണ്ടുകെട്ടണമെന്ന ഉത്തരവ് പിൻവലിച്ചത്. 53,420 സ്ക്വയർ ഫീറ്റുള്ള ബംഗ്ലാവിന്റെ പൂർണ അവകാശി താൻ മാത്രമാണെന്നും രാംകുമാറടക്കമുള്ള മറ്റ് സഹോദരങ്ങൾക്ക് ബംഗ്ലാവിൽ അവകാശമില്ലെന്നും കാണിച്ച് പ്രഭു നൽകിയ അപേക്ഷയെത്തുടർന്നാണ് നടപടി. ബംഗ്ലാവിനു മേൽ അവകാശം ഇല്ലെന്ന് രാംകുമാർ സത്യവാങ്മൂലവും നൽകിയിരുന്നു.
ഈ വർഷം ഫെബ്രുവരിയിൽ പാസാക്കിയ അറ്റാച്ച്മെന്റ് ഉത്തരവ് അനുസരിച്ച് വസ്തുവുമായി ബന്ധപ്പെട്ട് എൻകംബറൻസ് സർട്ടിഫിക്കറ്റിൽ നടത്തിയ എല്ലാ എൻട്രികളും നീക്കം ചെയ്യാൻ ടി നഗർ സബ് രജിസ്ട്രാറോട് കോടതി നിർദ്ദേശിച്ചു.
ധനഭാഗ്യം എന്റർപ്രൈസസിന്റെ ഉടമ അക്ഷയ് സരിനാണ് ദുഷ്യന്ത്, ഭാര്യ, രാംകുമാർ എന്നിവരിൽ നിന്ന് 9.39 കോടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജഗജാല കില്ലാഡി എന്ന സിനിമ നിർമിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. സ്വകാര്യ സ്ഥാപനവും ദുഷ്യന്തിന്റെ എഷാൻ പ്രൊഡക്ഷൻസും തമ്മിൽ ഉണ്ടാക്കിയ കരാറിൽ രാംകുമാർ ഒപ്പുവെച്ചിട്ടുണ്ടെന്നും അതിനാൽ, വായ്പ തിരിച്ചുപിടിക്കാൻ അണ്ണൈ ഇല്ലത്തിലുള്ള രാംകുമാറിന്റെ വിഹിതം പിടിച്ചെടുക്കണമെന്നുമായിരുന്നു ആവശ്യം.
തുടർന്ന് ഫെബ്രുവരിയിൽ ഹൈക്കോടതി ആകെ 53,240 ചതുരശ്ര അടി വിസ്തൃതിയുള്ള വസ്തുവിലെ 13,310 ചതുരശ്ര അടി കണ്ടുകെട്ടാൻ ഉത്തരവിട്ടു. തുടർന്നാണ് പ്രഭു കോടതിയെ സമീപിച്ചത്.









0 comments