‘പിച്ചവയ്ക്കുന്നൊരു കുഞ്ഞാണ് ഞാനിപ്പോൾ’ ; ഡ്രാഗൺ പേടകത്തിലിരുന്ന് ശുഭാംശുവിന്റെ ആദ്യ സന്ദേശം

ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കുന്നു
‘ഇന്നലെ നന്നായി ഉറങ്ങി.. എന്തൊരു യാത്രയായിരുന്നു. അത്ഭുതവും ആവേശവും നിറഞ്ഞ യാത്ര. ശൂന്യതയും നിശബ്ദതയും നിറഞ്ഞ അന്തരീക്ഷം. പുതിയ അനുഭവമാണിത്.. ഞങ്ങൾ ത്രില്ലിലാണ്’– ബഹിരാകാശയാത്രയ്ക്കിടെ ഡ്രാഗൺ പേടകത്തിലിരുന്ന് നൽകിയ ആദ്യ വീഡിയോ സന്ദേശത്തിൽ ഇന്ത്യൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ആദ്യദിന അനുഭവം വിശദീകരിച്ചു. ബഹിരാകാശത്തുനിന്ന് എല്ലാവർക്കും നമസ്കാരം എന്നു പറഞ്ഞായിരുന്നു ഇംഗ്ലീഷിലും ഹിന്ദിയിലുമായുള്ള സന്ദേശം.
‘കൂട്ടുകാർക്കൊപ്പം ഇവിടെയെത്തിയതിൽ ഞാൻ ആവേശഭരിതനാണ്. യാത്രയുടെ തുടക്കത്തിൽ അവിശ്വസനീയമായി തോന്നി. ശൂന്യതയിൽ ഒഴുകി നടക്കുന്ന അവസ്ഥ. ഒരത്ഭുതലോകമാണിത്. ശൂന്യതയിലേക്ക് കുതിച്ചപ്പോൾ ആദ്യം അത്ര നല്ല അനുഭവമായി തോന്നിയില്ല. -പിച്ചവയ്ക്കുന്ന കുഞ്ഞിനെപോലെയാണ് ഞാനിപ്പോൾ. ബഹിരാകാശത്ത് എങ്ങനെ നടക്കണം, ഭക്ഷണം കഴിക്കണം എന്നൊക്കെ നേരിട്ട് പഠിക്കുകയാണ്’.
കമാൻഡറായ പെഗ്ഗി വിറ്റ്‌സന്റെ ശിക്ഷണത്തിലാണിതെന്നുള്ള ശുക്ലയുടെ പ്രതികരണം കേട്ട് മറ്റ് സഞ്ചാരികൾ പൊട്ടിച്ചിരിച്ചു. തനിക്ക് എല്ലാ പിന്തുണയും നൽകുന്ന കുടുംബം, കൂട്ടുകാർ എന്നിവരെ ശുക്ല നന്ദി അറിയിച്ചു. തങ്ങളുടെ പുതിയ ഡ്രാഗൺ പേടകം കൂടുതൽ സൗകര്യത്തോടെയുള്ളതാണെന്ന് മിഷൻ കമാൻഡർ പെഗി വിറ്റ്‌സൻ പറഞ്ഞു. സഹസഞ്ചാരികളുടെ തമാശകൾ രസകരമാണെന്നും അവർ പറഞ്ഞു.
അതിരുകളില്ലാത്ത സൗഹൃദത്തിന്റെ ഉഷ്‌മളത തങ്ങൾ അനുഭവിക്കുകയാണെന്നായിരുന്നു ടിബോർ കാപു, സാവോസ് യു വിസ്‌നിവ്‌സ്‌കി എന്നിവരുടെ പ്രതികരണം. പേടകത്തിലെ സീറോഗ്രാവിറ്റി ഇൻഡിക്കേറ്ററായ ജോയ് പാവ അഞ്ചാം അംഗത്തെപോലെയാണെന്നും അവർ പറഞ്ഞു. ‘കുഞ്ഞൻ അരയന്നം’ ഒഴുകി നടക്കുന്ന ദൃശ്യങ്ങളും അവർ കാട്ടി.









0 comments