വ്യാഴം വൈകിട്ട് 5.54നാണ് നിലയത്തിൽ പ്രവേശിച്ചത് , ഡോക്കിങ് മൂന്നര മണിക്കൂറിലധികം നീണ്ടു
ശുഭചരിതം ; ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ

ഫ്‌ളോറിഡ
ബഹിരാകാശ ഗവേഷണരംഗത്ത് പുതുചരിത്രം രചിച്ച് ആദ്യമായി ഒരു ഇന്ത്യാക്കാരൻ അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ശുക്ലയും സംഘവും വ്യാഴം വൈകിട്ട് 5.54നാണ് നിലയത്തിൽ പ്രവേശിച്ചത്. മൂന്നര മണിക്കൂറിലേറെ നീണ്ട ഡോക്കിങ് പ്രക്രിയക്കൊടുവിലെത്തിയവരെ ആഹ്ലാദാരവങ്ങളോടെ നിലയത്തിലുള്ളവർ വരവേറ്റു. ഇനി രണ്ടാഴ്‌ച അറുപതോളം പരീക്ഷണങ്ങൾക്ക് സംഘം നേതൃത്വം നൽകും. തുടർന്നാണ് മടക്കം.
ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി ബുധനാഴ്‌ചയാണ് സംഘം ഡ്രാഗൺ പേടകത്തിൽ യാത്രതിരിച്ചത്. 19 മണിക്കൂറിലധികം ഭൂമിയെ വലംവച്ച പേടകത്തെ പടിപടിയായി പഥമുയർത്തി.
400 കിലോമീറ്റർ മുകളിലുള്ള ബഹിരാകാശനിലയത്തിന് സമീപത്തേക്ക് ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് കൂടുതൽ അടുപ്പിക്കുന്ന പ്രക്രിയ വ്യാഴം പകൽ രണ്ടിന് ആരംഭിച്ചു. അഞ്ചുഘട്ടങ്ങളായുള്ള ജ്വലനത്തിലൂടെയാണ് ഇതു സാധ്യമാക്കിയത്. 3.48 ഓടെ 200 മീറ്റർ അടുത്തെത്തി. തുടർന്ന് 20 മീറ്റർ അടുത്തെത്തിയതോടെ അന്തിമ ഡോക്കിങ്ങിനുള്ള അനുമതി നാസയുടെ മിഷൻ കൺട്രോൾ നൽകി. നിലയത്തിലെ ഹാർമണി മൊഡ്യൂളിൽ ഡോക്കിങ് അരമണിക്കൂർ നേരത്തെ നാലിന് നടന്നു. ഡ്രാഗണിലെയും നിലയത്തിലെയും പ്രവേശനകവാട ഭാഗത്തുള്ള മർദം ക്രമീകരിച്ചു. കവാടം തുറന്ന് നിലയത്തിൽ പ്രവേശിക്കാനുള്ള അന്തിമാനുമതി 5.45ന് മിഷൻ കൺട്രോൾ നൽകി.
ആദ്യമെത്തിയ മിഷൻ കമാൻഡർ പെഗ്ഗി വിട്‌സനെ ഫ്‌ളൈറ്റ് എൻജിനിയർ ആനി മക്‌ലിൻ ആശ്ലേഷിച്ച് നിലയത്തിലേക്ക് സ്വീകരിച്ചു. രണ്ടാമതായി ശുഭാംശുവും എത്തി. തുടർന്നാണ് ടിബോർ കാപു (ഹംഗറി), സാവോസ് യു വിസ്‌നിവ്‌സ്‌കി (പോളണ്ട്) എന്നിവരുമെത്തിയത്. സംഘാംഗങ്ങൾക്ക് നിലയത്തിലുള്ളവർ ജ്യൂസ് നൽകി. അരമണിക്കൂർ അവർക്കൊപ്പം ചെലവഴിച്ചശേഷം ഗ്രൂപ്പുഫോട്ടോ എടുത്തു.
യാത്ര സുഗമമായിരുന്നുവെന്ന് ശുഭാംശു ശുക്ല പറഞ്ഞു. നിലയത്തിലെത്തിയതോടെ കൂടുതൽ ആത്മവിശ്വാസം നേടാനായി. അറുപതോളം പരീക്ഷണങ്ങൾക്ക് വരുംദിവസങ്ങൾ വിനിയോഗിക്കും. ഭൂമിയെ നിലയത്തിൽനിന്ന് കാണാൻ അവസരം ലഭിച്ചത് തനിക്ക് കിട്ടിയ വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
നിലയത്തിൽ എത്താൻ 28 മണിക്കൂർ
വ്യാഴാഴ്‌ച പകൽ 12.01ന് പറന്നുയർന്ന സ്‌പേസ്എക്സ് ഫാൽക്കൻ 9 ബ്ലോക്ക് 5 റോക്കറ്റ് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന രാജ്യാന്തര ബഹിരാകാശനിലയത്തിൽ ഡോക്ക് ചെയ്യാൻ 28 മണിക്കൂർ എടുത്തു. രണ്ടു പേടകങ്ങൾ ബഹിരാകാശത്തുവച്ച് പരസ്പരം കൂട്ടിയോജിപ്പിക്കുന്ന സങ്കീർണമായ പ്രക്രിയയാണ് ഡോക്കിങ്. ഇതുവഴി യാത്രികർക്കു സഞ്ചരിക്കാനും ചരക്കുകൾ നീക്കാനുമാകും.
പേടകം നിലയത്തിന് ഏകദേശം 100 മീറ്റർ അടുത്തെത്തുമ്പോൾ മുതൽ യാത്രികരോ ഗ്രൗണ്ട് കൺട്രോൾ ടീമോ പേടകത്തെ ഡോക്കിങ് പോർട്ടിലേക്കു നയിക്കും. ക്യാമറകളും സെൻസറുകളും ഉപയോഗിച്ചാണ് കൃത്യമായ ദൂരവും വിന്യാസവും ഉറപ്പാക്കുന്നത്. ഡോക്കിങ് പോർട്ടിൽ തട്ടുമ്പോൾ പേടകത്തെ നിലയവുമായി കൃത്യമായി ഉറപ്പിക്കും. ഓട്ടമേറ്റഡും മാനുവലുമായി രണ്ട് രീതിയിലാണ് ഡോക്കിങ് നടത്തുന്നത്. സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം ഓട്ടമേറ്റഡ് ഡോക്കിങ് ആണ്.
ആഹ്ലാദം പങ്കിട്ട് ലെന
ആക്സിയം 4 ദൗത്യത്തിന്റെ വിജയം ആഘോഷിച്ച് നടി ലെനയും. അവരുടെ ഭർത്താവും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണൻനായർ ദൗത്യത്തിന്റെ ബാക്ക്അപ് പൈലറ്റ് ആയിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ശുഭാംശു ശുക്ലയ്ക്ക് യാത്ര സാധിക്കാതായാൽ ഇദ്ദേഹമായിരുന്നു പകരക്കാരൻ ആകേണ്ടിയിരുന്നത്. പത്തുമാസമായി നാസയിലും സ്പേസ് എക്സിലും പരിശീലനം പൂർത്തിയാക്കിയ പ്രശാന്ത് ബുധനാഴ്ച വിക്ഷേപണം പൂർത്തിയാകുംവരെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ ഉണ്ടായിരുന്നു. കെന്നഡി സെന്ററിൽനിന്ന് പ്രശാന്ത് ചിത്രീകരിച്ച വീഡിയോയാണ് ലെന സമൂഹമാധ്യമത്തിൽ പങ്കിട്ടത്. ക്രൂ അംഗങ്ങളുമായി അൽപ്പസമയം മുമ്പ് ഡ്രാഗൺപേടകം കുതിച്ചുയർന്നെന്നും അവിസ്മരണീയമായ കാഴ്ചയായിരുന്നു അതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. പ്രശാന്തിനൊപ്പം ദൗത്യവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കിടാനായതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ ലെന, അധികൃതരുടെ അനുമതിയോടെയാണ് വീഡിയോ പങ്കിടുന്നതെന്നും വ്യക്തമാക്കി.
ക്രൂ നമ്പർ 634
ബഹിരാകാശ നിലയത്തിലെത്തിയ ശുഭാംശു ശുക്ല ‘ക്രൂ നമ്പർ 634’ എന്നാണ് അറിയപ്പെടുക. ഇതുവരെ ബഹിരാകാശയാത്ര നടത്തിയ 634–-ാമത്തെ വ്യക്തി എന്ന് സൂചിപ്പിക്കുന്നതാണ് നമ്പർ. ആക്‌സിയം ദൗത്യത്തിന്റെ ഭാഗമായി വ്യാഴാഴ്ച നിലയത്തിലെത്തിയ ഉടൻ കമാൻഡർ പെഗ്ഗി വിറ്റ്സനാണ് നമ്പർ പതിച്ച പതക്കം കൈമാറിയത്.
സംഘാംങ്ങളായ സ്ലാവോസ് വിസ്നീവ്‌സ്‌കി, ടിബോർ കാപു എന്നിവർക്ക് അടുത്ത നമ്പരുകൾ നൽകി. തനിക്ക് ഇഷ്ടപ്പെട്ട നമ്പരാണ് ലഭിച്ചതെന്ന ശുക്ലയുടെ പ്രതികരണം നിലയത്തിൽ ചിരിപടർത്തി. കാൽനൂറ്റാണ്ടായി ബഹിരാകാശത്തുള്ള നിലയത്തിൽ ഇതുവരെ 270 പേർ എത്തിയിട്ടുണ്ട്.
നിലവിൽ ഏഴുപേർ നിലയത്തിലുണ്ടായിരുന്നു. ആക്‌സിയം ദൗത്യാംഗങ്ങൾകൂടി എത്തിയതോടെ എണ്ണം 11 ആയി. മൂന്നുപേർ വനിതകളാണ്.
ആനന്ദവിഹായസ്സിൽ മാതാപിതാക്കൾ
ബുധൻ പകൽ 12.01ന് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഡ്രാഗൺ പേടകം കുതിച്ചുയർന്നപ്പോൾ ലഖ്‌നൗവിൽ ശുഭാംശു ശുക്ല പഠിച്ച സ്കൂളിലായിരുന്നു മാതാപിതാക്കൾ. ആറുവട്ടം മാറ്റിയ ദൗത്യം വിക്ഷേപണത്തോട് അടുത്തപ്പോൾ അച്ഛൻ ശംഭു ദയാൽ ശുക്ലയുടെയും അമ്മ ആശ ശുക്ലയുടെയും മുഖത്ത് സമ്മർദവും ആശങ്കയും പ്രകടമായിരുന്നു. ഒടുവിൽ വിക്ഷേപണം വിജയകരമായപ്പോൾ ഇരുവരും ആനന്ദാശ്രു പൊഴിച്ചു, മറ്റുള്ളവർക്കൊപ്പം കൈയടിച്ചും മധുരം കഴിച്ചും നൃത്തംചെയ്തും സന്തോഷം പങ്കിട്ടു.
ലഖ്‌നൗ നഗരത്തിലെ സിറ്റി മോണ്ടിസോറി സ്കൂളിന്റെ സ്വന്തം കുട്ടിയാണ് ശുഭാംശു. പ്ലസ് ടു വരെ അദ്ദേഹം ഇവിടെയാണ് പഠിച്ചത്. പൂർവ വിദ്യാർഥിയുടെ ബഹിരാകാശയാത്ര തത്സമയ സംപ്രേഷണമൊരുക്കി ആഘോഷമാക്കിയിരുന്നു സ്കൂൾ. വ്യോമോത്സവ് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. സ്കൂളിൽ സ്ഥാപിച്ച വലിയ എൽഇഡി സ്ക്രീനിൽ യാത്ര തത്സമയം കാണാൻ നിരവധിയാളുകൾ എത്തി.
വ്യാഴാഴ്ച പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ഡോക്ക് ചെയ്യുന്നതിനും ഇവർ സ്‌കൂളിൽത്തന്നെയാണ് സാക്ഷിയായത്. സ്കൂൾ പരിസരമാകെ സ്പേസ് സെന്ററായി മാറിയ പ്രതീതിയായിരുന്നെന്ന് ആശ പറഞ്ഞു.
ശുഭാംശു കേരളത്തിലെ 145 വിദ്യാർഥികളുമായി സംവദിക്കും
അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽനിന്ന് ശുഭാംശു ശുക്ല കേരളത്തിലെ വിദ്യാർഥികളുമായി സംവദിക്കും. ജൂലൈ 3ന് എട്ടു മുതൽ 12 വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട 145 വിദ്യാർഥികളുമായാണ് അനുഭവങ്ങൾ പങ്കുവയ്‌ക്കുക. കുട്ടികൾക്ക് സംശയങ്ങൾ ചോദിക്കാനും അവസരമുണ്ടാകും. തിരുവനന്തപുരം വിഎസ്‌എസ്‌സിയിലെ ശ്രീനിവാസ ഓഡിറ്റോറിയത്തിൽ ഇതിനായി പ്രത്യേക സംവിധാനങ്ങൾ ഐഎസ്‌ആർഒ ഒരുക്കും.
പൊതുവിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുത്ത വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുക്കുക. ശുക്ലയുടെ ജന്മനാടായ ഉത്തർപ്രദേശിൽനിന്നുള്ള വിദ്യാർഥികളും പങ്കെടുക്കും.









0 comments