നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകും , ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരൻ
സ്വപ്നപഥത്തിൽ ; ശുഭാംശു ഇന്ന് ബഹിരാകാശ നിലയത്തിൽ പ്രവേശിക്കും

ഫ്‌ളോറിഡ
അനിശ്ചിതത്വങ്ങൾ വഴിമാറി, ആക്‌സിയം4 വിക്ഷേപണ ദൗത്യം വിജയകരം. ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ശുഭാംശു ശുക്ലയും സംഘവും സുരക്ഷിതമായി ബഹിരാകാശത്തെത്തി. സംഘം സഞ്ചരിക്കുന്ന ഡ്രാഗൺ പേടകം വ്യാഴം വൈകിട്ട് 4.31ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. നിലയത്തിൽ തുടരുന്ന സംഘം രണ്ടാഴ്‌ചയ്ക്കുശേഷം മടങ്ങും. ഇതോടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാകും ശുഭാംശു ശുക്ല. രാകേഷ് ശർമക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനും. സാങ്കേതിക തകരാറുകളും കാലാവസ്ഥാ പ്രശ്‌നങ്ങളും മൂലം ആറുവട്ടം മാറ്റിയ ദൗത്യമാണിത്.
ബുധൻ ഉച്ചയ്ക്ക് 12.01ന് ഫ്ളോറിഡയിലെ നാസ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. പുലർച്ചെ എല്ലാ പരിശോധനകളും പൂർത്തിയാക്കി സംഘം വിക്ഷേപണത്തറയിലെ ഡ്രാഗൺ പേടകത്തിൽ കയറിയിരുന്നു. വിക്ഷേപണത്തിന് തൊട്ടു മുമ്പ് ചെറിയ സാങ്കേതിക പ്രശ്‌നം ശ്രദ്ധയിൽ്പ്പെട്ടെങ്കിലും പെട്ടെന്ന് പരിഹരിക്കാനായി. സ്‌പേസ് എക്‌സിന്റെ ഫാൽക്കൻ9 റോക്കറ്റാണ് പേടകവുമായി കുതിച്ചത്.
വിക്ഷേപണത്തിന്റെ ആദ്യ മിനിറ്റിൽ റോക്കറ്റിന്റെ ഒന്നാംഘട്ടം വേർപെട്ട് ഭൂമിയിൽ തിരിച്ചെത്തി. പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റ് ഭാഗമാണിത്. തുടർന്ന് രണ്ടാംഘട്ട ജ്വലനത്തിന്റെ കരുത്തിൽ പേടകം ബഹിരാകാശത്തേക്ക് നീങ്ങി. ഒൻപതാം മിനിറ്റിൽ റോക്കറ്റിൽനിന്ന് ഡ്രാഗൺ വേർപെട്ടു. 257 കിലോമീറ്റർ ഉയരത്തിലെത്തിയ പേടകം ഭൂമിയെ വലംവച്ചു തുടങ്ങി. ദൗത്യത്തിന്റെ ടെസ്റ്റ് പൈലറ്റായ ശുക്ല തുടർന്ന് രാജ്യത്തെ ജനങ്ങൾക്കായുള്ള സന്ദേശം വായിച്ചു.
സഞ്ചാരപഥം ഉയർത്തി പേടകത്തെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് അടുപ്പിച്ച് ഡോക്കിങ്ങിനുശേഷം സംഘാംഗങ്ങൾ നിലയത്തിൽ പ്രവേശിക്കും. ഭാവി ബഹിരാകാശ ദൗത്യങ്ങൾക്കും മറ്റുമായുള്ള 60 പരീക്ഷണങ്ങളിൽ ഏർപ്പെടും. ഗഗൻയാൻ ദൗത്യമടക്കമുള്ള പദ്ധതികൾക്കുള്ള പരിശീലനത്തിന്റെ ഭാഗമാണ് യാത്ര. ചെലവ് 550 കോടി. നാസയുടെ മുൻ ബഹിരാകാശയാത്രികയും ആക്‌സിയം സ്‌പേസിന്റെ ഹ്യൂമൻ സ്‌പേസ് ഫ്ളൈറ്റ് ഡയറക്‌ടറുമായ പെഗ്ഗി വിറ്റ്സനാണ് ദൗത്യ കമാൻഡർ. പെഗ്ഗിയുടെ അഞ്ചാമത്തെ ബഹിരാകാശ യാത്രയാണിത്. പോളണ്ടിൽ നിന്നുള്ള സാവോസ് യു വിസ്‌നിവ്‌സ്‌കി ഹംഗറിയിൽനിന്നുള്ള ടിബോർ കാപു എന്നിവരാണ് മറ്റുള്ളവർ. ശുക്ലയെപ്പോലെ ഇരുവരുടെയും ആദ്യ ബഹിരാകാശ യാത്രയാണിത്.
നാസ, സ്‌പേസ്എക്‌സ്, ആക്‌സിയം സ്‌പേസ്, ഐഎസ്‌ആർഒ എന്നിവയുടെ സംയുക്ത പദ്ധതിയാണിത്. 14 ദിവസത്തിനുശേഷം മടങ്ങുന്ന ഇവരുടെ പേടകം പസഫിക്കിൽ പതിക്കും. വ്യോമസേനയിലെ ഫെെറ്റർ പൈലറ്റായ ശുഭാംശു ശുക്ല ഗഗൻയാൻ ദൗത്യസംഘാംഗമാണ്. ലഖ്‌നൗ സ്വദേശിയാണ്.
ഡോക്കിങ്ങും വിജയകരമാകും: ഐഎസ്‌ആർഒ ചെയർമാൻ
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയും അനുഭവപാഠങ്ങളും ഐഎസ്‌ആർയുടെ ഭാവി പദ്ധതികൾക്ക് കരുത്തുപകരുമെന്ന് ചെയർമാൻ ഡോ. വി നാരായണൻ. ഈ യാത്ര വഴി വലിയ അറിവും ആത്മവിശ്വാസവുമാണ് ലഭിക്കുക. സാങ്കേതികവും പ്രായോഗികവുമായ അറിവ് ബഹിരാകാശ ദൗത്യങ്ങൾക്ക് അനിവാര്യമാണ്. ഗഗൻയാൻ ദൗത്യത്തിന് ഏറെ ഗുണം ചെയ്യും. താനടക്കം 16 പേരടങ്ങുന്ന സംഘം ആഴ്‌ചകളായി ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി ഫ്‌ളോറിഡയിലുണ്ട്. തങ്ങൾക്കും ഇത് പുതിയ അനുഭവമാണ്. നാസ, ആക്‌സിയം, സ്‌പേയ്‌സ് എക്‌സ് എന്നിവരെ നന്ദി അറിയിക്കുന്നു. വ്യാഴാഴ്‌ച നടക്കുന്ന ഡോക്കിങ്ങും വിജയകരമാകും –ഡോ.വി നാരായണൻ പറഞ്ഞു.
ആനന്ദക്കണ്ണീരോടെ അമ്മ, പുഞ്ചിരിച്ച് അച്ഛൻ
സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശത്തേക്ക് കുതിക്കുന്നത് തത്സമയം വീക്ഷിച്ച് ശുഭാംശുവിന്റെ കുടുംബം. അമ്മ ആശ ശുക്ലയും അച്ഛനും ഇന്ത്യന്‍ വ്യോമസേന മുന്‍ പൈലറ്റുമായ ശംഭു ദയാല്‍ ശുക്ലയും ലഖ്നൗവിൽ തയ്യാറാക്കിയ പ്രത്യേക സംവിധാനത്തിലാണ് ഇത് വീക്ഷിച്ചത്. കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എ-യില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റ് പറന്നുയര്‍ന്നപ്പോൾ ആനന്ദക്കണ്ണീരോടെ അമ്മയും പുഞ്ചിരിയോടെ അച്ഛനും ശുഭാംശുവിന് ശുഭയാത്ര നേർന്നു.
‘പോയി ദൗത്യം പൂര്‍ത്തിയാക്കുക, അതുകഴിഞ്ഞ് വീണ്ടും കാണാം എന്ന് മാത്രമാണ് ഞങ്ങള്‍ അവനോട് പറഞ്ഞത്' എന്ന് അമ്മ മാധ്യമങ്ങളോട് പ റഞ്ഞു.

കഴിക്കാൻ ഹൽവയും മാമ്പഴ ജ്യൂസും
ബഹിരാകാശത്ത് രണ്ടാഴ്‌ച കഴിയുന്ന ശുഭാംശു ശുക്ലക്ക് ഭക്ഷണമായി ഇന്ത്യൻ വിഭവങ്ങളും. പ്രത്യേകമായി തയ്യാറാക്കിയ ഈ വിഭവങ്ങളുമായാണ് ശുക്ലയുടെ യാത്ര. കാരറ്റ് വിഭവം, രാജ്മ-ചാവൽ, മൂങ് ദാൽ ഹൽവ, മാമ്പഴ അമൃത്, ജയ്പുരി മിശ്രിത പച്ചക്കറികൾ തുടങ്ങിയവയാണിവ. പ്രത്യേകം പായ്‌ക്കു ചെയ്‌താണ് കൊണ്ടു പോകുന്നത്.
ഏറെ അഭിമാനം: പ്രശാന്ത് ബാലകൃഷ്‌ണൻ നായർ
ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര തനിക്കും ഏറെ അഭിമാനം പകരുന്നതാണെന്ന് ആക്‌സിയം 4 ദൗത്യ ബാക്ക് അപ് പൈലറ്റായ മലയാളി പ്രശാന്ത് ബാലകൃഷ്‌ണൻ നായർ പറഞ്ഞു. ശുക്ലയുടെ പകരക്കാരനായി കഴിഞ്ഞ പത്തു മാസമായി നാസയിലും സ്‌പേയ്‌സ് എക്‌സിലും പരിശീലനം നേടിയ പ്രശാന്തും ഐഎസ്‌ആർഒയുടെ ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്. ബഹിരാകാശത്തെ പരിമിതികളിൽ ഏത് സാഹചര്യത്തെയും നേരിടാനുള്ള കഠിന പരിശീലനമാണ് ലഭിച്ചത്. ഫൈറ്റർ പൈലറ്റുകളായ തങ്ങൾക്ക് ഇത്തരം സാഹചര്യങ്ങളോട് ഇണങ്ങി ചേരാൻ ബുദ്ധിമുട്ടില്ല. ലോകത്തെ പ്രമുഖരായ ബഹിരാകാശ സഞ്ചാരികളുമായി അടുത്തിടപഴകാനും അറിവുകൾ നേടാനുമായി–- പ്രശാന്ത് പറഞ്ഞു. നടി ലെനയാണ് പ്രശാന്തിന്റെ ഭാര്യ.
ഡ്രാഗണിൽ ‘ജോയ്’ താരമായി
വിക്ഷേപണത്തിന്റെ പത്താം മിനിട്ടിൽ ഡ്രാഗൺ പേടകത്തിന്റെ മൂലയിൽ നിന്ന് ‘കുഞ്ഞൻ അരയന്നം’ പറന്നുയർന്നു. പേടകം ബഹിരാകാശത്തെ ‘സീറോ ഗ്രാവിറ്റി’ പോയിന്റിലെത്തിയതിന്റെ സൂചനയായിരുന്നു അത്. ശുഭാംശു ശുക്ലയും സാവോസ് യു വിസ്‌നിവ്‌സ്‌കിയും ടിബോർ കാപുവും കൈയുയർത്തി അഭിവാദ്യം ചെയ്തു. അഞ്ച് ഇഞ്ച് ഉയരമുള്ള മൃദുവായ ഒരു കുഞ്ഞൻ ഹംസമാണിത്. ആക്‌സിയം 4 ദൗത്യ സംഘത്തിനുമൊപ്പം അഞ്ചാം അംഗം. ജോയി എന്നു പേരിട്ടിരിക്കുന്ന ഈ പാവക്കുട്ടി ഡ്രാഗൺ പേടകത്തിലെ സീറോഗ്രാവിറ്റി ഇന്റിക്കേറ്ററാണ്.









0 comments